2036ഓടെ കേരളത്തിലെ 22 ശതമാനത്തിലധികം 60 വയസ്സിനു മുകളിൽ പ്രായമുള്ളവരായിത്തീരും എന്ന ആർബിഐ റിപ്പോർട്ട് അടക്കമുള്ളവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഗവൺമെന്റ് ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്.
കേരളത്തിന്റെ രാഷ്ട്രീയ-ഭരണചരിത്രത്തിൽ സമാനതകളില്ലാത്ത, ദീർഘവീക്ഷണമുള്ള പ്രഖ്യാപനത്തിനാണ് കഴിഞ്ഞ മെയ് മാസത്തിൽ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ് 24 മണിക്കൂർ തികയും മുൻപ് സംസ്ഥാന മന്ത്രിസഭ അതിന്റെ ആദ്യ യോഗത്തിൽ വെച്ച് സുപ്രധാന തീരുമാനമെടുത്തു: ഇന്ത്യയിലാദ്യമായി വയോജനങ്ങൾക്കായി മാത്രമൊരു സവിശേഷ വകുപ്പ് (Dedicated Department for Elderly People) രൂപീകരിക്കുക. പുതിയ ഗവൺമെന്റിന്റെ പുതുമോടി എന്നതിനപ്പുറമുള്ള നിരവധി മാനങ്ങളാണ് വയോജന ഭരണനിർവഹണം സംബന്ധിച്ച ഈ തീരുമാനത്തിനു പിന്നിലുള്ളത്. 2036ഓടെ കേരളത്തിലെ 22 ശതമാനത്തിലധികം 60 വയസ്സിനു മുകളിൽ പ്രായമുള്ളവരായിത്തീരും എന്ന ആർബിഐ റിപ്പോർട്ട് അടക്കമുള്ളവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഗവൺമെന്റ് ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്.
ഇതുവരെ സോഷ്യൽ വെൽഫെയർ (സാമൂഹിക ക്ഷേമ) വകുപ്പിന്റെ ഫയൽക്കൂട്ടങ്ങൾക്കിടയിലും എൻ.ആർ.കെ (നോൺ-റെസിഡന്റ് കേരളൈറ്റ്സ്) ഡയറക്ടറേറ്റുകളുടെ തണലിലും ഒരു ഉപവിഭാഗം മാത്രമായി ഒതുങ്ങിക്കിടന്നിരുന്ന വയോജന ക്ഷേമത്തെ, സ്വതന്ത്രമായ നയരൂപീകരണാധികാരവും കൃത്യമായ ബഡ്ജറ്റ് വിഹിതവുമുള്ള പ്രത്യേക ഭരണമണ്ഡലമാക്കി മാറ്റിയതിന് പിന്നിൽ കേവലം രാഷ്ട്രീയ വാഗ്ദാനം മാത്രമല്ല. മറിച്ച്, കേരളത്തിന്റെ സാമൂഹിക അടിത്തറയെ പിടിച്ചുലയ്ക്കാൻ പോകുന്ന ഒരു വലിയ ‘ഡെമോഗ്രാഫിക് ടൈം ബോംബ്’ അല്ലെങ്കിൽ ‘സിൽവർ സുനാമി’ (Silver Tsunami) മുന്നിൽക്കണ്ടുകൊണ്ടുള്ള അടിയന്തര മുൻകരുതലായിരുന്നു അത്. ഈ ഭരണപരമായ മാറ്റം കേവലമൊരു വകുപ്പ് വിഭജനമല്ല, മറിച്ച് ‘ജെറിയാട്രിക് ഗവേണൻസ്’ (Geriatric Governance – വയോജന ഭരണനിർവഹണം) എന്ന പുതിയ നയരൂപീകരണ ശൈലിയിലേക്കുള്ള കേരളത്തിന്റെ അനിവാര്യമായ ചുവടുവെപ്പാണ്.
എന്തുകൊണ്ട് കേരളം?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2026 ജനുവരിയിൽ പുറത്തുവിട്ട ‘State Finances: A Study of Budgets 2025-26‘ എന്ന റിപ്പോർട്ട് കേരളത്തെ സംബന്ധിച്ച് അങ്ങേയറ്റം ഗൗരവമേറിയതും അടിയന്തര ശ്രദ്ധ വേണ്ടതുമായ മുന്നറിയിപ്പുകളാണ് മുന്നോട്ടുവെച്ചത്. ഇന്ത്യയിലെ ജനസംഖ്യാ പരിവർത്തനത്തെക്കുറിച്ചുള്ള പഠനം, ഈ മാറ്റം സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രതയെ എങ്ങനെ ബാധിക്കുമെന്നതിന്റെ വിശദമായ വിശകലനം മുന്നോട്ടുവെയ്ക്കുന്നു. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വയോജനങ്ങളുള്ള (60 വയസ്സിന് മുകളിൽ പ്രായമുള്ളവർ) സംസ്ഥാനങ്ങളുടെ പട്ടികയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കേരളമാണ് ഒന്നാമത്. ആർബിഐയുടെ കൃത്യമായ കണക്കുകൾ പരിശോധിച്ചാൽ അസ്ഥാനത്തുള്ള ഈ ഒന്നാമതാകലിന്റെ ഗതിവേഗം മനസ്സിലാകും. 2021ൽ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 16.5% പേർ 60 വയസ്സിന് മുകളിലുള്ളവരായിരുന്നു. അതേസമയം 2026ൽ ഈ നിരക്ക് 18.7% ആയി ഉയർന്നു. ഈ അവസ്ഥ തുർന്നാൽ 2036ഓടെ ഇത് ഭീതിജനകമായ രീതിയിൽ 22.8%ലേക്ക് എത്തും.
അതായത്, അടുത്ത പത്ത് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഏതാണ്ട് നാലിലൊരാൾ വയോധികനായിരിക്കും! അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ആർബിഐ തയ്യാറാക്കിയ വർഗ്ഗീകരണമനുസരിച്ച്, 60 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യ 15 ശതമാനമോ അതിൽ കൂടുതലോ ഉള്ള സംസ്ഥാനങ്ങളെ ‘ഏജിങ് സ്റ്റേറ്റ്സ്’ (Ageing States – വാർദ്ധക്യ ബാധിത സംസ്ഥാനങ്ങൾ) എന്നാണ് വിളിക്കുന്നത്. ഈ പട്ടികയിൽ ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും മുൻപന്തിയിലാണ് കേരളം. അയൽസംസ്ഥാനമായ തമിഴ്‌നാട് 2026ഓടെ 15.8% നിരക്കുമായി ഈ പട്ടികയിലേക്ക് പ്രവേശിക്കുമെങ്കിലും കേരളത്തിന്റെ അത്രയും തീവ്രമല്ല അവിടുത്തെ അവസ്ഥ. ഇത്തരം ജനസംഖ്യാപരമായ മാറ്റങ്ങളാണ് കേരളത്തിൽ വയോജന ഭരണനിർവഹണം പ്രാധാന്യം കൂടുതൽ വർധിപ്പിക്കുന്നത്. ഭാവിയിലെ സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികൾ നേരിടുന്നതിൽ വയോജന ഭരണനിർവഹണം നിർണായക പങ്കുവഹിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
വയോജന ഭരണനിർവഹണവും ചുരുങ്ങുന്ന തൊഴിൽ ശക്തിയും
ഇതിനോടൊപ്പം തന്നെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വശം, കേരളത്തിലെ അധ്വാനിക്കുന്ന ജനസംഖ്യയുടെ (15-64 വയസ്സ്) ശതമാനത്തിലുണ്ടാകുന്ന കുറവാണ്. ആർബിഐ റിപ്പോർട്ട് പ്രകാരം കേരളത്തിലെ തൊഴിൽ ശേഷിയുള്ള ജനവിഭാഗം നിലവിലെ 62 ശതമാനത്തിൽ നിന്നും 2031ൽ 60.8% ആയും, 2036ൽ 59.5% ആയും ചുരുങ്ങും. അതേസമയം, ഇതേ കാലയളവിൽ ദേശീയ ശരാശരി 2026ലെ 64.8 ശതമാനത്തിൽ നിന്നും 2031ൽ 65.1% ആയി ഉയരുകയാണ് ചെയ്യുന്നത്. ഇതിന്റെ അർത്ഥം ഇന്ത്യയൊട്ടാകെ ജനസംഖ്യാപരമായ നേട്ടം കൊയ്തെടുക്കുമ്പോൾ, കേരളത്തിൽ ആ അനുകൂല സാഹചര്യം ദേശീയ ശരാശരിയേക്കാൾ വളരെ മുൻപേ തന്നെ അവസാനിക്കുകയാണ്. ഉത്പാദനക്ഷമതയുള്ള യുവതലമുറ കുറയുകയും ആശ്രിതരായ വയോധികർ കൂടുകയും ചെയ്യുന്നത് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തേയും (GSDP) നികുതി വരുമാനത്തേയും ദോഷകരമായി ബാധിക്കും. ഇത്തരം സാഹചര്യങ്ങളെയാണ് ഭാവിയിലെ വയോജന ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത ശക്തമായി ഉയർത്തിക്കാട്ടുന്നത്.
പൊതു ധനകാര്യത്തിലെ പ്രത്യാഘാതങ്ങൾ
ആർബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നത് പോലെ, ഒരു സംസ്ഥാനം വാർധക്യത്തിലേക്കു നീങ്ങുമ്പോൾ അതിന്റെ നയപരമായ മുൻഗണനകൾ പൂർണമായും മാറി വയോജന ഭരണനിർവഹണം ശക്തിപ്പെടുത്തുന്നതിലേക്കു നീങ്ങേണ്ടതുണ്ട്. അതുവരെ ‘തൊഴിലവസരങ്ങൾ സൃഷ്ടിക്കുക’ എന്നതിനുമാത്രമാണ് സംസ്ഥാനങ്ങൾ ഊന്നൽ നൽകി പോന്നതെങ്കിൽ, ഇത്തരം അവസ്ഥയിൽ ‘വയോജന പിന്തുണാ സംവിധാനങ്ങൾ’ ഒരുക്കുന്നതിലേക്ക് ശ്രദ്ധ മാറ്റേണ്ടത് അനിവാര്യമാകുന്നു. ഇത് സ്വാഭാവികമായും പൊതു ധനകാര്യത്തിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും.
ഒരു വശത്ത് പെൻഷൻ ഇനത്തിലും വയോജന ആരോഗ്യ പരിപാലനത്തിനുമുള്ള ചെലവുകൾ കുതിച്ചുയരുമ്പോൾ, മറുവശത്ത് നികുതി നൽകുന്ന യുവജനങ്ങളുടെ എണ്ണം കുറയുന്നത് വരുമാനത്തെ ബാധിക്കും. ഈ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സംസ്ഥാനങ്ങൾ ആരോഗ്യ ഇൻഷുറൻസ് പരിഷ്കരണങ്ങൾ നടപ്പിലാക്കണമെന്നും, ഉത്പാദനക്ഷമതയില്ലാത്ത സബ്‌സിഡികൾ വെട്ടിക്കുറയ്ക്കണമെന്നും റിസർവ് ബാങ്ക് വ്യക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വയോജന ഭരണനിർവഹണം സംസ്ഥാനങ്ങളുടെ പ്രധാന നയപരമായ മുൻഗണനയായി മാറുന്നു.
പ്രജനന നിരക്ക് കുറഞ്ഞു
കുത്തനെ ഇടിഞ്ഞ പ്രജനന നിരക്കാണ് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ജപ്പാൻ, ദക്ഷിണ കൊറിയ അല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് സമാനമായ ജനസംഖ്യാ ഘടനയിലേക്ക് കേരളം എത്തിപ്പെട്ടു എന്നതിന് സാമൂഹിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണം. ഈ ജനസംഖ്യാപരമായ മാറ്റങ്ങൾ ഭാവിയിലെ വയോജന ഭരണനിർവഹണം കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഒരു ജനസംഖ്യ അതിന്റെ നിലവിലുള്ള അളവ് മാറ്റമില്ലാതെ നിലനിർത്തണമെങ്കിൽ പ്രജനന നിരക്ക് (TFR – ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് പ്രസവിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം) 2.1 എങ്കിലും ആയിരിക്കണം. ഇതിനെയാണ് ‘റീപ്ലേസ്‌മെന്റ് ലെവൽ’ എന്ന് വിളിക്കുന്നത്. സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (SRS) സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് 2024 പ്രകാരം ഇന്ത്യയുടെ ദേശീയ TFR 1.9 ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ അവസ്ഥ ഇതിലും വളരെ താഴെയാണ്. കേരളത്തിന്റെ നിലവിലെ TFR വെറും 1.35 ആണ്!
ഈ ഇടിവിന് പിന്നിൽ കേരളം കൈവരിച്ച ഉയർന്ന സ്ത്രീവിദ്യാഭ്യാസവും സാമൂഹിക പുരോഗതിയുമുണ്ട്. നഗരവൽക്കരണം കാരണം വലിയ കുടുംബങ്ങൾ കൊണ്ടുനടക്കുന്നതിനുള്ള സാമ്പത്തിക ചിലവ് വർദ്ധിച്ചതും, വൈകിയുള്ള വിവാഹങ്ങളും, ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ചുള്ള കൃത്യമായ അവബോധവും പ്രജനന നിരക്ക് കുറയാൻ കാരണമായി. കൂടാതെ, ശിശുമരണ നിരക്ക് കേരളത്തിൽ വളരെ കുറവായതിനാൽ, കുട്ടികൾ മരണപ്പെടുമെന്ന ഭയത്താൽ കൂടുതൽ പ്രസവിക്കുന്ന രീതിയും ഇവിടെ പണ്ടേ ഇല്ലാതായിട്ടുണ്ട്. കുറഞ്ഞ പ്രജനന നിരക്ക് എന്നാൽ ഭാവിയിൽ സ്കൂളുകളിലും കോളേജുകളിലും കുട്ടികൾ കുറയുകയും, തൊഴിൽ വിപണിയിലേക്ക് പുതിയ യുവാക്കൾ എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഇത് ജനസംഖ്യയുടെ ശരാശരി പ്രായം അതിവേഗം ഉയരാൻ കാരണമാകുന്നു. ഈ ജനസംഖ്യാപരമായ മാറ്റങ്ങൾ ഭാവിയിൽ വയോജന ഭരണനിർവഹണം കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യം സൃഷ്ടിക്കുകയാണ്.
ഉയർന്ന ആയുർദൈർഘ്യം
സംസ്ഥാനം കഴിഞ്ഞ ദശകങ്ങളിൽ കൈവരിച്ച മികച്ച ആരോഗ്യ-സാമൂഹിക സൂചികകളുടെ ഫലമായി കൈവരിച്ച ഉയർന്ന ആയുദൈർഘ്യമാണ് മറ്റൊരു പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. മികച്ച ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ, സാക്ഷരത, പ്രതിരോധ കുത്തിവെയ്പ്പുകൾ എന്നിവ വഴി കേരളീയരുടെ ശരാശരി ആയുസ്സ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിലാണ്. കേരളത്തിലെ സ്ത്രീകളുടെ ശരാശരി ആയുർദൈർഘ്യം 78.4 വർഷമാണ്. പുരുഷന്മാരുടേത് 71.9 വർഷവും. ആളുകൾ കൂടുതൽ കാലം ജീവിച്ചിരിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെങ്കിലും, പ്രായമേറുന്തോറും അവർക്ക് ആവശ്യമായി വരുന്ന ആരോഗ്യ പരിരക്ഷാ ചെലവുകൾ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നു. ഈ സാഹചര്യത്തിൽ വയോജന ഭരണനിർവഹണം കൂടുതൽ പ്രാധാന്യമർഹിക്കുന്ന മേഖലയായി മാറുന്നു. ജീവിതശൈലീ രോഗങ്ങളുടെ ഹബ്ബായി കേരളം മാറുന്നതും ഈ ആയുർദൈർഘ്യത്തിന്റെ മറ്റൊരു വശമാണ്.
കുടിയേറ്റം: വയോജന ഭരണനിർവഹണം നേരിടുന്ന വെല്ലുവിളികൾ
ഉത്പാദനക്ഷമതയുള്ള യുവതലമുറയുടെ കൂട്ടക്കുടിയേറ്റമാണ് കേരളം ഇന്ന് നേരിടുന്ന മറ്റൊരു സുപ്രധാന പ്രതിസന്ധി. ഉന്നത വിദ്യാഭ്യാസത്തിനായും തൊഴിലിനായും കേരളത്തിലെ യുവാക്കൾ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്കും (യുകെ, കാനഡ, ജർമ്മനി, ഓസ്‌ട്രേലിയ) ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങളിലേക്കും ചേക്കേറുകയാണ്. പഴയ ഗൾഫ് കുടിയേറ്റത്തിൽ നിന്നും വ്യത്യസ്തമായാണ് പുതിയ കുടിയേറ്റമെന്നതും ഏറെ ഗൗരവപരമായ ഘടകമാണ്. ഗൾഫിലേക്ക് പോയവർ തങ്ങളുടെ സമ്പാദ്യം നാട്ടിലേക്ക് അയക്കുകയും പ്രവാസി ജീവിതത്തിന് ശേഷം നാട്ടിലേക്ക് തന്നെ മടങ്ങിവരുകയും ചെയ്തിരുന്നു. എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് പോകുന്ന പുതിയ തലമുറ അവിടെ സ്ഥിരതാമസമാക്കുകയാണ് ചെയ്യുന്നത്. ഇത് കേരളത്തിൽ വലിയ തോതിലുള്ള സാമൂഹിക പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വയോജന ഭരണനിർവഹണം കൂടുതൽ പ്രാധാന്യമർഹിക്കുന്ന വിഷയമായി മാറുകയാണ്. മക്കൾ വിദേശങ്ങളിൽ സ്ഥിര താമസമാകുമ്പോൾ നാട്ടിലെ വലിയ വീടുകളിൽ പ്രായമായ മാതാപിതാക്കൾ ഒറ്റപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിരമിച്ച് തിരിച്ചെത്തുന്ന പ്രായമായ പ്രവാസികൾ നാട്ടിലെ വയോജന ജനസംഖ്യയിലേക്ക് വീണ്ടും കൂട്ടിച്ചേർക്കപ്പെടുന്നതിനാൽ തിരിച്ചെത്തുന്ന പ്രവാസികളുടെ ഡബിൾ ബർഡൻ സൃഷ്ടിക്കപ്പെടുന്നു. ഇവർക്ക് വിദേശത്ത് സ്ഥിരതാമസത്തിനുള്ള അവകാശമില്ലാത്തതിനാൽ, തങ്ങളുടെ വാർധക്യ കാലം ചിലവഴിക്കാൻ നാട്ടിലേക്ക് തന്നെ മടങ്ങേണ്ടി വരുന്നു.
ഭൂമിശാസ്ത്രപരവും ലിംഗപരവുമായ വശങ്ങൾ
കേരളത്തിലെ വയോജന പ്രതിസന്ധി എല്ലാ പ്രദേശങ്ങളിലും എല്ലാ ലിംഗവിഭാഗങ്ങളിലും ഒരേപോലെയല്ല സ്വാധീനം ചെലുത്തുന്നത്. ഇതിന് വ്യക്തമായ ചില ഭൂമിശാസ്ത്ര-ലിംഗ വ്യത്യാസങ്ങളുണ്ട്. ‘ഇന്ത്യ ഏജിങ് റിപ്പോർട്ട് 2023’ പ്രകാരം കേരളത്തിലെ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് വയോധികർ കൂടുതൽ താമസിക്കുന്നത്. നഗരങ്ങളിൽ വയോജന നിരക്ക് 15.4% ആണെങ്കിൽ ഗ്രാമപ്രദേശങ്ങളിൽ അത് 17.5% ആണ്. ഗ്രാമങ്ങളിലെ യുവാക്കൾ തൊഴിൽ തേടി നഗരങ്ങളിലേക്കോ വിദേശങ്ങളിലേക്കോ കുടിയേറുന്നതുകൊണ്ടാണ് ഗ്രാമങ്ങൾ വയോധികരുടെ മാത്രം കേന്ദ്രങ്ങളായി മാറുന്നത്. കൃഷിപ്പണി ചെയ്യാനോ പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ ആവശ്യത്തിന് ആളില്ലാത്ത അവസ്ഥയിലേക്ക് പല കേരളീയ ഗ്രാമങ്ങളും നീങ്ങുകയാണ്. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും തളർത്തുന്നു.
പുരുഷൻമാരേക്കാൾ സ്ത്രീകൾ
കേരളത്തിലെ വയോജന പ്രതിസന്ധിയുടെ ഏറ്റവും സങ്കീർണമായ വമാണിത്. പുരുഷന്മാരേക്കാൾ സ്ത്രീകളാണ് വയോജനങ്ങളിൽ ഭൂരിഭാഗവുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ആയുർദൈർഘ്യം സ്ത്രീകളിൽ കൂടുതലായതിനാലും, സാധാരണയായി പുരുഷന്മാരേക്കാൾ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം കഴിക്കുന്ന രീതി നിലവിലുള്ളതിനാലും വാർധക്യത്തിലെത്തുമ്പോൾ സ്ത്രീകൾ ഒറ്റപ്പെട്ടുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. കണക്കുകൾ പ്രകാരം, 80 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ ലിംഗാനുപാതം പരിശോധിച്ചാൽ 1,000 പുരുഷന്മാർക്ക് 1,651 സ്ത്രീകളെന്ന ഞെട്ടിക്കുന്ന നിരക്കാണുള്ളത്. ഇതിനർത്ഥം കേരളത്തിൽ പ്രായമേറിയവരിൽ ഭൂരിഭാഗവും വിധവകളായ സ്ത്രീകളാണ് എന്നതാണ്. സാമ്പത്തികമായോ സാമൂഹികമായോ സ്വന്തമായി സുരക്ഷിതത്വമില്ലാത്ത, ഒറ്റയ്ക്ക് ജീവിക്കുന്ന ഈ സ്ത്രീകളുടെ സംരക്ഷണം വരുംദിവസങ്ങളിൽ ഭരണകൂടത്തിന് വലിയ വെല്ലുവിളികൾ സൃഷ്ടിക്കും.
പഴയ ക്ഷേമപദ്ധതികളുടെ പരിമിതികൾ
ഇത്തരം പ്രതിസന്ധി പെട്ടെന്ന് ഉണ്ടായതല്ലെന്ന് മനസ്സിലാക്കി സ്റ്റേറ്റ് എൽഡർലി കമ്മീഷൻ പോലുള്ള ചില ചുവടുവെയ്പ്പുകൾ കേരളം മുൻപ് നടപ്പിലാക്കിയിട്ടുണ്ട്. വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ഇന്ത്യയിലെ ആദ്യത്തെ അർദ്ധ-ജുഡീഷ്യൽ ഫോറമായാണ് സ്റ്റേറ്റ് എൽഡർലി കമ്മീഷൻ അറിയപ്പെടുന്നത്. വയോധികർക്ക് വീട്ടുപടിക്കൽ സൗജന്യ ആരോഗ്യപരിരക്ഷയും മരുന്നുകളും എത്തിക്കുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റായ വയോമിത്രം, വയോജനങ്ങൾക്കായി പകൽവീടുകൾ ഒരുക്കുന്ന സമയപ്രഭ പദ്ധതി, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ സാങ്കേതിക സഹായത്തോടെ 1,387 സർക്കാർ സ്ഥാപനങ്ങളെയും 1,227 എൻജിഒകളെയും ബന്ധിപ്പിച്ചുണ്ടാക്കിയ പാലിയേറ്റീവ് ശൃംഖലയായ കേരള കെയർ പാലിയേറ്റീവ് ഗ്രിഡ് തുടങ്ങി ഇത്തരത്തിലുള്ള ചില കേന്ദ്ര-സംസ്ഥാന പദ്ധതികളുണ്ട്. ഇതിൽ പാലിയേറ്റീവ് ശൃംഖല നിലവിൽ 1.5 ലക്ഷം കിടപ്പിലായ രോഗികൾക്കും 4 ലക്ഷത്തോളം മറ്റ് രോഗികൾക്കും ആശ്വാസമേകുന്നു. ഇതിനുപുറമേ കേരളത്തിലെ വയോജനങ്ങളിൽ ഏകദേശം 75 ശതമാനവും ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സുരക്ഷാ പെൻഷനുകളുടെ പരിധിയിൽ വരുന്നവരാണ് എന്നതിനാൽ ക്ഷേമ പെൻഷനുകളും ലഭിക്കുന്നവരാണ്.
എങ്കിൽ പിന്നെ പുതിയൊരു വകുപ്പിന്റെ ആവശ്യമെന്താണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഇതുവരെ വയോജനക്ഷേമം എന്നത് സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള ഒരു ‘ചാരിറ്റി’ മാത്രമായിരുന്നു. എന്നാൽ 22% ജനസംഖ്യ വയോധികരാകുമ്പോൾ അതൊരു കാരുണ്യപ്രവർത്തനമല്ല, മറിച്ച് ഭരണകൂടത്തിന്റെ പ്രധാന ഉത്തരവാദിത്തമായിമാറുന്നു. പഴയ ക്ഷേമപദ്ധതികൾ ഭൂരിഭാഗവും പെൻഷൻ വിതരണം ചെയ്യുന്നതിലും കിടപ്പിലായവർക്ക് മരുന്ന് നൽകുന്നതിലും ഒതുങ്ങിനിന്നിരുന്നവയായിരുന്നെങ്കിൽ പുതിയ നീക്കത്തിലൂടെ വയോജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ വിപുലമാകുന്നു. പെൻഷൻ തുക കൃത്യസമയത്ത് വിതരണം ചെയ്യാനുള്ള ശാസ്ത്രീയമായ ഫണ്ട് മാനേജ്‌മെന്റ്, മക്കൾ ഉപേക്ഷിക്കുന്ന വയോധികർക്ക് നിയമസഹായം നൽകൽ, ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോധികർക്കായി കമ്മ്യൂണിറ്റി ലിവിങ് സംവിധാനങ്ങൾ ഒരുക്കൽ എന്നിങ്ങനെ പോകുന്നു പുതിയ പദ്ധതികൾ. ഇത്തരം എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദുവായി വയോജന ഭരണനിർവഹണം കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഈ പുതിയ വകുപ്പിന്റെ പ്രധാന ലക്ഷ്യം. ഇവയ്‌ക്കെല്ലാം പ്രത്യേക ബഡ്ജറ്റ് അധികാരങ്ങളുള്ള ഒരു വകുപ്പ് അനിവാര്യമാണ് എന്നതാണ് പ്രധാന വസ്തുത. പുതിയ യുഡിഎഫ് സർക്കാർ വയോജന മന്ത്രാലയം സ്ഥാപിച്ചതിലൂടെ ലക്ഷ്യമിടുന്നതും ഇതാണ്.
ആഗോള മാതൃകകളും ഇന്ത്യൻ അവസ്ഥയും
കേരളം ഇന്ന് കടന്നുപോകുന്ന ഈ അവസ്ഥയിലൂടെ ജപ്പാൻ, ദക്ഷിണ കൊറിയ, ജർമനി തുടങ്ങിയ വികസിത രാജ്യങ്ങൾ മുൻപേ കടന്നുപോയിട്ടുള്ളതാണ്. ജപ്പാൻ തങ്ങളുടെ വയോജനങ്ങളെ സാമ്പത്തിക ബാധ്യതയായി കാണുന്നതിന് പകരം അവരെ ‘സിൽവർ ഇക്കോണമി’യുടെ ഭാഗമാക്കി മാറ്റുകയാണ് ചെയ്തത്. ഇത്തരത്തിലുള്ള മാതൃകകൾ ആഗോളതലത്തിൽ കേരളത്തിനു മുന്നിലുണ്ട്.
ഇന്ത്യ ഒട്ടാകെ നോക്കുമ്പോൾ രാജ്യം ഇപ്പോഴും അതിന്റെ യുവത്വത്തിന്റെ തിളപ്പിലാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ ശരാശരി പ്രായം (Median Age) വെറും 29.2 വർഷമാണ്. ചൈനയിലിത് 40.2 വർഷവും യൂറോപ്പിൽ അതിലും കൂടുതലുമാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. ഇത് രാജ്യത്തിന് വലിയ സാമ്പത്തിക വളർച്ചയ്ക്കുള്ള അവസരമാണ് നൽകുന്നത്. എന്നാൽ കേരളം ഈ ദേശീയ ചിത്രത്തിന് അപവാദമാണ്. ഇന്ത്യ യുവാവായിരിക്കുമ്പോൾ തന്നെ കേരളം വൃദ്ധനാകുന്നു. അതുകൊണ്ട് തന്നെ ദേശീയ തലത്തിലുള്ള തൊഴിലധിഷ്ഠിത നയങ്ങളല്ല കേരളത്തിന് ആവശ്യം, മറിച്ച് വയോജന പിന്തുണയിലൂന്നിയ നയങ്ങളാണ്.
പരിഷ്കരണങ്ങളും സിൽവർ ഇക്കോണമിയും

ആർബിഐ റിപ്പോർട്ടും വിദഗ്ദ്ധരും നിർദ്ദേശിക്കുന്ന ചില സുപ്രധാന പോളിസി മാറ്റങ്ങൾ പുതിയ വയോജന ക്ഷേമ വകുപ്പ് നടപ്പിലാക്കേണ്ടതുണ്ട്. വയോജന ഭരണനിർവ്വഹണത്തിനായുള്ള ചതുർമുഖ തന്ത്രമാണ് ഇതിൽ പ്രധാനം.
ആയുർദൈർഘ്യത്തിന് അനുസൃതമായി പെൻഷൻ പ്രായം പുതുക്കുക, പാർട്ട് ടൈം തൊഴിലുകളും റീ-സ്കില്ലിംഗ് പ്രോഗ്രാമുകളും, ഇൻഷുറൻസ് പരിഷ്കരണങ്ങളും പ്രിവന്റീവ് ഹെൽത്ത് കെയറും, വയോജന സൗഹൃദ ഉത്പന്നങ്ങളും
സേവന വിപണിയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ സുപ്രധാന മേഖലകളിലാണ് ഗവൺമെന്റ് മാറ്റങ്ങൾ കൊണ്ടുവരേണ്ടിയിരിക്കുന്നത്.
ആളുകളുടെ ആയുസ്സും ആരോഗ്യവും വർദ്ധിച്ച സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സിന് മുകളിലേക്ക് ഉയർത്തുന്നത് സംബന്ധിച്ച നിർദേശം ആർബിഐ മുന്നോട്ടുവെച്ചിരുന്നു. ഇത് പെൻഷൻ ഫണ്ടുകളുടെ പെട്ടെന്നുള്ള ബാധ്യത കുറയ്ക്കുകയും അനുഭവസമ്പന്നരായ ജീവനക്കാരുടെ സേവനം തുടരാൻ സഹായിക്കുകയും ചെയ്യും. നിലവിലുള്ള നിരവധി പരിമിതികൾ കണക്കിലെടുത്ത് സംസ്ഥാനം പുതുക്കിയ ബജറ്റിൽ ഇത് 58 വയസ്സാക്കിയിരിക്കുകയാണ്. മുതിർന്ന പൗരന്മാർക്ക് അവരുടെ അനുഭവസമ്പത്ത് ഉപയോഗിക്കാൻ തക്കവണ്ണമുള്ള പാർട്ട് ടൈം ജോലികൾ, വർക്ക് ഫ്രം ഹോം സംവിധാനങ്ങൾ, പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ പഠിപ്പിക്കുന്നതിനുള്ള ‘റീ-സ്കില്ലിംഗ്’ പ്രോഗ്രാമുകൾ എന്നിവ ആരംഭിക്കണം എന്ന നിർദേശവും ആർബിഐ മുന്നോട്ടുവെയ്ക്കുന്നു. ഇത്തരം പരിഷ്കാരങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ വയോജന ഭരണനിർവഹണം നിർണായക പങ്കുവഹിക്കും.
നേരത്തേ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞതുപോലെ, കേരളത്തെ ‘സന്തോഷകരമായ വാർധക്യത്തിന്റെ ആഗോള കേന്ദ്രമായി’ (Destination for Graceful Ageing) മാറ്റണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വയോജന പരിചരണ കേന്ദ്രങ്ങൾ, സീനിയർ ലിവിങ് കമ്മ്യൂണിറ്റികൾ, വയോജന സൗഹൃദ ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവ വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും
സബ്‌സിഡികളുടെ പുനഃക്രമീകരണം
വയോജന പരിപാലനത്തിനായി കൂടുതൽ പണം കണ്ടെത്താൻ മറ്റ് അനാവശ്യ സബ്‌സിഡികളും മെറിറ്റ് ഇല്ലാത്ത ചെലവുകളും സർക്കാർ വെട്ടിക്കുറയ്ക്കേണ്ടി വരും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള (PPP) വയോജന ആരോഗ്യ പദ്ധതികൾ അനിവാര്യമാണ്. ഇത്തരം നടപടികൾ ഫലപ്രദമായ വയോജന ഭരണനിർവഹണം അനിവാര്യമാണ്.
നവ-സാമൂഹിക വെല്ലുവിളികൾ
കേവലം സാമ്പത്തിക ശാസ്ത്രം മാത്രമല്ല, കേരളീയ കുടുംബങ്ങളുടെ ഘടനയിലുണ്ടാകുന്ന വൈകാരികവും സാമൂഹികവുമായ മാറ്റങ്ങളെക്കുറിച്ചും ഈ വിഷയം ഗൗരവപരമായ ചർച്ച ആവശ്യപ്പെടുന്നു. കേരളത്തിലെ വലിയ വിഭാഗം വയോധികരും ഇന്ന് അഭിമുഖീകരിക്കുന്നത് ‘Emptiness Syndrome’ അഥവാ വീടുകളിലെ ഒറ്റപ്പെടലാണ്. മക്കൾ വിദേശത്തായതിനാൽ വലിയ വീടുകളിൽ ഒന്നു സംസാരിക്കാൻ പോലും ആളില്ലാതെ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നു. ഇത് വയോജനങ്ങളിൽ വിഷാദരോഗം (Depression), ഡിമൻഷ്യ (Dementia) തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ഇത് മറികടക്കാൻ വയോജന ഭരണനിർവഹണം ഭാഗമായി, പുതിയ വയോജന മന്ത്രാലയം വെറും ശാരീരിക പരിചരണത്തിൽ മാത്രം ഒതുങ്ങാതെ, കൗൺസിലിംഗ് സംവിധാനങ്ങളും ഏകാന്തത മാറ്റാനുള്ള വിനോദ-സാമൂഹിക കൂട്ടായ്മകളും തദ്ദേശഭരണ തലത്തിൽ നിർമിക്കേണ്ടതുണ്ട്.
കെയർ-ഗിവർ വിപണിയുടെ വളർച്ച
തൊഴിൽ സേനയിൽ നിന്നും യുവാക്കൾ അപ്രത്യക്ഷമാകുമ്പോൾ, വയോജനങ്ങളെ നോക്കാൻ ഹോം-നഴ്സുമാരുടെയും ‘കെയർ-ഗിവർമാരുടെയും’ വലിയൊരു വിപണി കേരളത്തിൽ രൂപപ്പെടുന്നുണ്ട്. നിലവിൽ ഈ മേഖലയിൽ കൃത്യമായ നിയന്ത്രണങ്ങളോ സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ല. വ്യാജ ഹോം-നഴ്സിംഗ് ഏജൻസികൾ വയോധികരെ ചൂഷണം ചെയ്യുന്ന വാർത്തകൾ നിരന്തരമായി വരുന്നു. പുതിയ വകുപ്പിന് കീഴിൽ എല്ലാ കെയർ-ഗിവർ ഏജൻസികൾക്കും കർശനമായ രജിസ്ട്രേഷനും ലൈസൻസിംഗും ഏർപ്പെടുത്തുന്നത് വയോജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കും.
പുതിയ വികസന മാതൃകയുടെ തുടക്കം

കേരളത്തിന്റെ കുടിയേറ്റ ചരിത്രവും സാമൂഹിക മുന്നേറ്റങ്ങളും നമ്മെ എത്തിച്ചിരിക്കുന്നത് തികച്ചും വ്യത്യസ്തമായ ചരിത്രസന്ധിയിലാണ്. ഒരുകാലത്ത് വിദേശത്തേക്ക് പോയ യുവാക്കളുടെ മണി ഓർഡറുകൾ കൊണ്ട് വളർന്ന കേരള സമ്പദ്‌വ്യവസ്ഥയ്ക്ക്, ഇനി ആ യുവാക്കളുടെ പ്രായമായ മാതാപിതാക്കളെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചേ നിലനിൽക്കാനാകൂ. അധികാരമേറ്റ് 24 മണിക്കൂറിനകം വയോജന മന്ത്രാലയം രൂപീകരിച്ച യുഡിഎഫ് സർക്കാരിന്റെ നടപടി കേവലം പ്രതീകാത്മക തുടക്കം മാത്രമാണ്. വരാനിരിക്കുന്ന ‘സിൽവർ സുനാമി’യെ ഭയത്തോടെ നോക്കുന്നതിനു പകരം, അതിനെ കൃത്യമായ ആസൂത്രണത്തോടെ മറികടക്കാൻ നമുക്ക് സാധിക്കണം.
വാർധക്യത്തെ ശാപമായോ സാമ്പത്തിക ബാധ്യതയായോ കാണുന്നതിന് പകരം, അനുഭവസമ്പത്തിന്റെ വലിയ മൂലധനമായി കണ്ട് ‘പുതിയ സിൽവർ ഇക്കോണമി’ കെട്ടിപ്പടുക്കാൻ കേരളത്തിന് സാധിക്കണം. അതിനായുള്ള കൃത്യമായ ബഡ്ജറ്റ് വിഹിതവും പ്രായോഗികമായ നയരൂപീകരണവുമാണ് ഈ പുതിയ വയോജന ഭരണനിർവഹണം വകുപ്പിൽ നിന്നും കേരളം പ്രതീക്ഷിക്കുന്നത്.

