• Home  
  • E20 ഇന്ധനം: BS-III വാഹനങ്ങളിലെ റബർ ഭാഗങ്ങൾ മാറ്റേണ്ടി വന്നേക്കാം
- Auto - Breaking News - India

E20 ഇന്ധനം: BS-III വാഹനങ്ങളിലെ റബർ ഭാഗങ്ങൾ മാറ്റേണ്ടി വന്നേക്കാം

E20 ഇന്ധനം ഉപയോഗിക്കുമ്പോൾ BS-III വാഹനങ്ങളിലെ ചില റബർ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്ന് കേന്ദ്ര പഠനം. മറ്റ് വാഹനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് നിതിൻ ഗഡ്കരി. രാജ്യത്ത് E20 ഇന്ധനം വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ, BS-III വാഹനങ്ങൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട നിർണായക വിവരവുമായി കേന്ദ്ര സർക്കാർ തന്നെ രം​ഗത്ത്. E20 ഇന്ധനം ഉപയോഗിക്കുമ്പോൾ 2016ന് മുമ്പ് നിർമ്മിച്ച ചില BS-III വാഹനങ്ങളിലെ റബർ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്നാണ് കേന്ദ്ര സർക്കാർ നിയോഗിച്ച പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ […]

E20 ഇന്ധനം

E20 ഇന്ധനം ഉപയോഗിക്കുമ്പോൾ BS-III വാഹനങ്ങളിലെ ചില റബർ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്ന് കേന്ദ്ര പഠനം. മറ്റ് വാഹനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് നിതിൻ ഗഡ്കരി.

രാജ്യത്ത് E20 ഇന്ധനം വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ, BS-III വാഹനങ്ങൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട നിർണായക വിവരവുമായി കേന്ദ്ര സർക്കാർ തന്നെ രം​ഗത്ത്. E20 ഇന്ധനം ഉപയോഗിക്കുമ്പോൾ 2016ന് മുമ്പ് നിർമ്മിച്ച ചില BS-III വാഹനങ്ങളിലെ റബർ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്നാണ് കേന്ദ്ര സർക്കാർ നിയോഗിച്ച പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് സാധാരണ സർവീസിംഗിനിടെ എളുപ്പത്തിൽ ചെയ്യാവുന്ന മെയിന്റനൻസ് മാത്രമാണെന്നും മറ്റ് വാഹനങ്ങൾക്ക് എൻജിനിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (IIP), ഡെറാഡൂൺ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) എന്നിവ സംയുക്തമായി നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകളാണ് മന്ത്രി രാജ്യസഭയിൽ ഉദ്ധരിച്ചത്. എന്നാൽ പഠന റിപ്പോർട്ടിന്റെ പൂർണവിവരങ്ങൾ ഇതുവരെ പൊതുജനങ്ങൾക്കായി പുറത്തുവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

BS-III വാഹനങ്ങൾക്ക് മാത്രം ചെറിയ മാറ്റം

2005 ഏപ്രിൽ 1 മുതൽ അവതരിപ്പിക്കുകയും 2016ന് മുമ്പ് നിർമ്മിക്കപ്പെടുകയും ചെയ്ത BS-III വാഹനങ്ങൾ പരിശോധിച്ചപ്പോഴാണ് ചില റബർ ഭാഗങ്ങളും ഗാസ്‌കറ്റുകളും E20 ഇന്ധനം ഉപയോഗിക്കുന്നതിനിടെ മാറ്റേണ്ട സാഹചര്യമുണ്ടാകാമെന്ന് കണ്ടെത്തിയിരിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ ഇത് വാഹനത്തിന്റെ പതിവ് സർവീസിംഗിന്റെ ഭാഗമായി എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന കാര്യമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. അതേസമയം, BS-III വാഹനങ്ങൾ ഒഴികെയുള്ള കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും E20 ഇന്ധനം ഉപയോഗിക്കുന്നതിനായി എൻജിനിൽ പ്രത്യേക മാറ്റങ്ങളോ അധിക മോഡിഫിക്കേഷനുകളോ ആവശ്യമില്ലെന്നും മന്ത്രി നിതിൻ ​ഗഡ്കരി വ്യക്തമാക്കി.

പ്രകടനത്തിലും എൻജിൻ ദൈർഘ്യത്തിലും പ്രശ്നമില്ല

E20 ഇന്ധനം ഉപയോഗിക്കുന്ന പഴയ വാഹനങ്ങളിലും പ്രകടനത്തിൽ കാര്യമായ കുറവോ അസാധാരണമായ എൻജിൻ തേയ്മാനമോ കണ്ടെത്തിയിട്ടില്ലെന്ന് പഠനത്തിൽ വെളിവായതായി നിതിൻ ഗഡ്കരി പറഞ്ഞു. ഡ്രൈവബിലിറ്റി, സ്റ്റാർട്ടബിലിറ്റി, ലോഹ ഭാഗങ്ങളുമായുള്ള അനുയോജ്യത, പ്ലാസ്റ്റിക് ഭാഗങ്ങളുമായുള്ള അനുയോജ്യത എന്നിവയിലും പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ E20 ഇന്ധനം പഴയ വാഹനങ്ങൾക്ക് വലിയ ഭീഷണിയാണെന്ന ആശങ്കയ്ക്ക് ഭാഗികമായെങ്കിലും മറുപടി ലഭിക്കുന്നു എന്നാണ് വിലയിരുത്തൽ.

വാഹന ഉടമകളുടെ ആശങ്ക എന്തായിരുന്നു?

കഴിഞ്ഞ ഏതാനും മാസങ്ങളിലായി E20 ഇന്ധനം ഉപയോഗിക്കുന്നതിനു പിന്നാലെ ചില വാഹനങ്ങൾ മിസ്‌ഫയർ ചെയ്യുന്നതായും എൻജിൻ പ്രവർത്തനത്തിൽ തടസ്സം നേരിടുന്നതായും നിരവധി വാഹന ഉടമകൾ പരാതിപ്പെടുന്നുണ്ട്. പല വാഹന ഉടമകളും ഈ പ്രശ്നങ്ങൾക്ക് E20 പെട്രോളോ, ഈർപ്പം കലർന്ന ഇന്ധനമോ കാരണമാകുന്നതായി ആരോപിച്ചിരുന്നു. എന്നാൽ ഇന്ധനത്തിന്റെ സ്വഭാവത്തിന് അപ്പുറം വാഹനത്തിന്റെ മൈലേജിനെയും പ്രവർത്തനക്ഷമതയെയും സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്നാണ് കേന്ദ്ര സർക്കാർ ഇതിന് മറുപടി നൽകുന്നത്.

മൈലേജിനെ സ്വാധീനിക്കുന്നത് ഇന്ധനം മാത്രമല്ല

വാഹനത്തിന്റെ ഇന്ധനക്ഷമതയെ ബാധിക്കുന്നത് E20 ഇന്ധനം മാത്രം അല്ലെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ഡ്രൈവിംഗ് ശീലം, കൃത്യമായ സർവീസിംഗ്, എൻജിൻ ഓയിൽ സമയത്ത് മാറ്റുന്നത്, എയർ ഫിൽറ്ററിന്റെ ശുചിത്വം, ടയർ മർദ്ദവും അലൈന്മെന്റും, എയർ കണ്ടീഷണറിന്റെ ഉപയോഗം എന്നിവയും മൈലേജിനെയും എൻജിൻ പ്രകടനത്തെയും കാര്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് എഥനോൾ മിശ്രിത ഇന്ധനത്തിന്റെ ഉപയോഗം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് E20 ഇന്ധനം വ്യാപകമാക്കുന്നത്. അതിനാൽ പഴയ BS-III വാഹനങ്ങൾ ഉപയോഗിക്കുന്നവർ വാഹനത്തിന്റെ പതിവ് സർവീസിംഗിൽ റബർ ഭാഗങ്ങളും ഗാസ്‌കറ്റുകളും പരിശോധിക്കുന്നത് കൂടുതൽ സുരക്ഷിതമായ നടപടിയായിരിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

വിമർശനം തീരുന്നില്ല

എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിൽ വൈരുധ്യമുണ്ടെന്ന വിമർശനവും ഉയരുന്നു. ഒരു ഭാഗത്ത് E20 ഇന്ധനം എല്ലാ വാഹനങ്ങൾക്കും സുരക്ഷിതമാണെന്നും പ്രകടനത്തിലും എൻജിൻ ദൈർഘ്യത്തിലും കാര്യമായ പ്രശ്നങ്ങളില്ലെന്നുമാണ് സർക്കാർ ആവർത്തിക്കുന്നത്. മറുവശത്ത്, 2016ന് മുമ്പ് നിർമ്മിച്ച BS-III വാഹനങ്ങളിൽ റബർ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വരാമെന്ന് സർക്കാർ നിയോഗിച്ച പഠനം തന്നെ കണ്ടെത്തുന്നു. ഇത് വാഹന ഉടമകൾക്ക് അധിക പരിപാലനച്ചെലവിനും അസൗകര്യത്തിനും കാരണമാകുമെന്ന ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുകയാണ്.

അതേസമയം, ഈ കണ്ടെത്തലുകൾ ഉൾക്കൊള്ളുന്ന പഠന റിപ്പോർട്ട് ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലെന്നതും സർക്കാറിന്റെ കണ്ടെത്തലുകൾക്കുമേൽ നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. റിപ്പോർട്ട് പുറത്തുവിടാതെ അതിലെ ചില കണ്ടെത്തലുകൾ മാത്രം പാർലമെന്റിൽ അവതരിപ്പിക്കുന്ന സമീപനം സുതാര്യതയുടെ കാര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ പ്രതിപക്ഷത്തിന്റെ പക്ഷത്തുനിന്ന് അടക്കം കടുത്ത വിമർശനത്തിന് കാരണമാകും എന്നുറപ്പാണ്.

പരിഹാരമെന്ത്?

E20 ഇന്ധനത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റം വേഗത്തിലാക്കുമ്പോൾതന്നെ, വാഹന ഉടമകളുടെ ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കും വ്യക്തവും ശാസ്ത്രീയവുമായ മറുപടി നൽകുക എന്നതാണ് ഈ വിഷയത്തിലെ പ്രഥമ പരിഹാരം. ഇതോടൊപ്പം പഠന റിപ്പോർട്ട് പൊതുജനങ്ങൾക്കും പ്രതിപക്ഷത്തിനും സമ്പൂർണമായും ലഭ്യമാക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഇതിനുപുറമേ പഴയ വാഹന ഉടമകൾക്കായി പ്രത്യേക സാങ്കേതിക പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ച്, വാഹനങ്ങളുടെ എഞ്ചിൻ ഭാഗങ്ങൾക്കും റബ്ബർ ഗാസ്കറ്റുകൾക്കും E20 ഇന്ധനം കാരണം കേടുപാടുകൾ സംഭവിക്കുന്നുണ്ടോ എന്ന് സൗജന്യമായി പരിശോധിക്കാൻ അവസരമൊരുക്കണം. ബി.എസ്-3, ബി.എസ്-4 വിഭാഗത്തിൽപ്പെട്ട പഴയ വാഹനങ്ങളിൽ E20 ഇന്ധനം സുരക്ഷിതമായി ഉപയോഗിക്കുന്നതിന് ആവശ്യമായ സാങ്കേതിക മാറ്റങ്ങളെക്കുറിച്ചോ കിറ്റുകളെക്കുറിച്ചോ വാഹന നിർമ്മാതാക്കൾ കൃത്യമായ ബോധവൽക്കരണം നൽകുകയും വേണം. ഭാവിയിൽ പഴയ വാഹനങ്ങളിൽ എന്തെങ്കിലും റബ്ബർ ഭാഗങ്ങളോ മറ്റ് ഘടകങ്ങളോ മാറ്റേണ്ടി വരികയാണെങ്കിൽ, അതിനുള്ള ചെലവ് നിയന്ത്രിക്കുന്നതിനായി വാഹന ഉടമകൾക്ക് ന്യായമായ നിരക്കിൽ ഈ സേവനങ്ങൾ ലഭ്യമാക്കാൻ സർക്കാർ-സ്വകാര്യ തലത്തിൽ ഇടപെടലുകൾ ഉണ്ടാകുന്നതും പരിഹാരങ്ങളിൽ പ്രധാനമാണ്.

Leave a comment

Your email address will not be published. Required fields are marked *

About Us

Welcome to IndiaWord, your trusted destination for the latest news, breaking stories, and insightful coverage from India and around the world.

Email Us : indiawordnews@gmail.com

Categories

Indiaword © . All Rights Reserved.