യുഎസ് വിദ്യാർത്ഥി വിസയിൽ പുതിയ നിയന്ത്രണങ്ങൾ വരുമോ? OPT പദ്ധതിക്ക് ഏകദേശം ₹95 ലക്ഷം ഫീസ് ഈടാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിർദേശം ഇന്ത്യൻ വിദ്യാർത്ഥികളെ എങ്ങനെ ബാധിക്കും എന്നറിയാം.
അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം നേടി അവിടെത്തന്നെ ജോലി ചെയ്ത് കരിയർ ആരംഭിക്കുക എന്നത് ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്വപ്നമാണ്. എന്നാൽ ആ സ്വപ്നത്തിലേക്കുള്ള വഴി കൂടുതൽ ചെലവേറിയതും അനിശ്ചിതവുമാകാൻ പോകുന്നു എന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കൻ വിദ്യാർത്ഥി വിസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഇത്തരമൊരു ആശങ്കയ്ക്ക് പിന്നിൽ. പഠനം പൂർത്തിയാക്കിയ ശേഷം ജോലി ചെയ്യാൻ അനുവദിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT) പദ്ധതിക്ക് 1 ലക്ഷം ഡോളർ (ഏകദേശം ₹95 ലക്ഷം) വരെ ഫീസ് ഈടാക്കുന്നത് അടക്കമുള്ളവയാണ് പ്രധാന നിർദേങ്ങൾ. ഇതോടൊപ്പം വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ തുടരാനാകുന്ന കാലാവധിയിലും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്.
ഈ നിർദേശം യാഥാർഥ്യമായാൽ അമേരിക്കയിൽ പഠിക്കാനും തുടരാനും കരിയർ വളർത്താനും ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യതയാകുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ വിലയിരുത്തുന്നത്.
എന്താണ് OPT പദ്ധതി?
അമേരിക്കയിൽ F-1 വിദ്യാർത്ഥി വിസയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കിയ ശേഷം സ്വന്തം പഠനവിഷയവുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണ് ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് അഥവാ ഓപിടി. (ഓപിടി പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ അറിയാനും ഔദ്യോഗിക വിവരങ്ങൾക്കും അപ്ഡേറ്റ്സുകൾക്കുമായി https://www.ice.gov/sevis/practical-training എന്ന വെബ്സൈറ്റ് സന്ദർശിക്കാം).
സാധാരണ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഒരു വർഷം വരെ ഒപിടി ലഭിക്കുമ്പോൾ, STEM (Science, Technology, Engineering, Mathematics) കോഴ്സുകളിൽ പഠിക്കുന്നവർക്ക് മൂന്ന് വർഷം വരെ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും എന്ന സവിശേഷതയുണ്ട്. ഈ പ്രവൃത്തിപരിചയമാണ് പിന്നീട് H-1B തൊഴിൽ വിസ ലഭിക്കാനും അമേരിക്കയിൽ ദീർഘകാല തൊഴിൽ നേടാനും പലർക്കും സഹായകരമാകുന്നത്. അതുകൊണ്ടുതന്നെ പഠനത്തിനായി അമേരിക്കയിലേക്ക് ചേക്കേറുന്ന നിരവധി വിദ്യാർത്ഥികളുടെ പഠനവഴിയിലേയും കരിയർ പദ്ധതിയിലേയും ഏറ്റവും നിർണായക ഘട്ടമാണ് ഓപിടി.
₹95 ലക്ഷം ഫീസ് ആരാണ് നൽകേണ്ടത്?
അമേരിക്കൻ ഡിപാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) പുതിയ നിർദേശം നിലവിൽ ചർച്ച ചെയ്യുകയാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ 1 ലക്ഷം ഡോളർ ഫീസ് വിദ്യാർത്ഥികളാണോ നൽകേണ്ടത്, അതോ അവരെ നിയമിക്കുന്ന കമ്പനികളാണോ വഹിക്കേണ്ടത് എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലായെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിദ്യാർത്ഥികൾ ഫീസ് നൽകേണ്ട സാഹചര്യമുണ്ടായാൽ വിദേശവിദ്യാഭ്യാസത്തിന്റെ ആകെ ചിലവ് വലിയ തോതിൽ വർധിക്കും. മറിച്ച് കമ്പനികളാണ് ഈ തുക വഹിക്കേണ്ടതെങ്കിൽ, വിദേശ വിദ്യാർത്ഥികളെ നിയമിക്കുന്നതിൽ പല തൊഴിലുടമകളും പിന്നോക്കം പോകാനും ഇടയുണ്ട്. രണ്ടിൽ ഏത് സാഹചര്യമായാലും ഓപിടി വഴി ജോലി നേടാനുള്ള സാധ്യതകൾ ഇതോടെ വലിയ തോതിൽ കുറയുമെന്നാണ് വിദ്യാഭ്യാസ-കരിയർ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.
വിദ്യാർത്ഥി വിസാ നിയമങ്ങളിലും മാറ്റം

അമേരിക്കൻ വിദ്യാർത്ഥി വിസ സംബന്ധിച്ച മറ്റൊരു പ്രധാന നിർദേശവും ട്രംപ് ഭരണകൂടം മുന്നോട്ടുവച്ചിട്ടുണ്ട്. നിലവിൽ ‘ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്’ എന്ന സംവിധാനമാണ് പ്രാബല്യത്തിലുള്ളത്. അതായത് വിദ്യാർത്ഥി കോഴ്സ് പൂർത്തിയാക്കുന്നതുവരെ അമേരിക്കയിൽ തുടരാൻ സാധിക്കും. എന്നാൽ പുതിയ ചട്ടപ്രകാരം മിക്ക വിദേശ വിദ്യാർത്ഥികൾക്കും നാല് വർഷം വരെ മാത്രമായിരിക്കും താമസാനുമതി. പി.എച്ച്.ഡി., മെഡിക്കൽ, ഗവേഷണ കോഴ്സുകൾ എന്നിവയ്ക്ക് കൂടുതൽ സമയം ആവശ്യമായാൽ കാലാവധി തീരുന്നതിന് മുമ്പ് DHSൽ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടിവരും. (F-1 വിദ്യാർത്ഥി വിസാ വിവരങ്ങൾക്കായി: https://travel.state.gov/content/travel/en/us-visas/study/student-visa.html സന്ദർശിക്കുക). ഈ ചട്ടം നിലവിൽ കോൺഗ്രസിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി
നിലവിൽ 3.3 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയിൽ പഠിക്കുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ വായ്പയെടുത്തും കുടുംബസമ്പാദ്യത്തിന്റെ വലിയ പങ്ക് ചിലവഴിച്ചുമാണ് പലരും അമേരിക്കൻ സർവകലാശാലകളിൽ പ്രവേശനം നേടുന്നതും പഠനച്ചിലവ് അടക്കമുള്ളവ വഹിക്കുന്നതും. പഠനം കഴിഞ്ഞ് ഒപിടി വഴി ജോലി ചെയ്ത് വിദ്യാഭ്യാസ ചിലവിന്റെ ഒരു ഭാഗം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയാണ് പല കുടുംബങ്ങളെയും അമേരിക്ക തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.
എന്നാൽ അമേരിക്കൻ വിദ്യാർത്ഥി വിസ നിയമങ്ങളിൽ ഈ നിർദേശങ്ങൾ നടപ്പായാൽ യുഎസ്സിലെ പഠന ചിലവ് മാത്രമല്ല, പഠന ശേഷമുള്ള തൊഴിൽ അവസരങ്ങളും അനിശ്ചിതത്വത്തിലാകും. ഇതോടെ കാനഡ, ഓസ്ട്രേലിയ, ബ്രിട്ടൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികൾ കൂടുതൽ തിരിയാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഇപ്പോൾ ആശങ്കപ്പെടണോ?
അതേസമയം, നിലവിൽ വലിയ ആശങ്കൾ വേണ്ടായെന്നും ചില വിദഗ്ധർ പറയുന്നു. ₹95 ലക്ഷം OPT ഫീസ് നിലവിൽ വെറും നിർദേശം മാത്രമാണെന്നും ഇതുവരെ അന്തിമ തീരുമാനമോ ഔദ്യോഗിക പ്രഖ്യാപനമോ ഉണ്ടായിട്ടില്ലായെന്നും എന്നതാണ് ആശ്വാസകരമായ വസ്തുത. അതുപോലെ നാല് വർഷത്തെ താമസപരിധിയും നിലവിൽ പ്രാബല്യത്തിൽ വന്നിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.
എന്നിരുന്നാലും കഴിഞ്ഞ ഏതാനും മാസങ്ങളായി ട്രംപ് ഭരണകൂടം വിദ്യാർത്ഥി വിസ, H-1B വിസ, കുടിയേറ്റ നയം എന്നിവയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് എന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. അതിനാൽ അമേരിക്കയിൽ പഠിക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക പ്രഖ്യാപനങ്ങൾ മാത്രം വിശ്വസിക്കുകയും, പുതിയ നയമാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

