കേന്ദ്ര സർക്കാർ 2030ഓടെ രാജ്യത്തെ പുതിയ വാഹന വിൽപനയിൽ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി ഇപ്പോഴും ആ ലക്ഷ്യത്തിൽ നിന്ന് ഏറെ അകലെയാണ് എന്നു കാണാനാകും.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ ഓട്ടോമൊബൈൽ മേഖലയിൽ വമ്പൻ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് വൈദ്യുത വാഹനങ്ങളിലേക്ക് ഉപഭോക്താക്കളുടെ ശ്രദ്ധ പതിയെ മാറുന്ന ട്രെൻഡിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ EV വിൽപ്പന ഏകദേശം 25 ശതമാനം ഉയർന്ന് 24.5 ലക്ഷം യൂണിറ്റിലെത്തിയതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ FADA (Federation of Automobile Dealers Associations) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ മോഡലുകളുടെ അവതരണം, വിതരണ ശൃംഖലയിലെ പുരോഗതി, നഗര മേഖലകളിൽ വർധിച്ച സ്വീകാര്യത എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാൽ ഈ കണക്കുകൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, രാജ്യത്തിന്റെ ദീർഘകാല ലക്ഷ്യങ്ങൾ പരിശോധിക്കുമ്പോൾ ചിത്രം അത്ര ലളിതമല്ല എന്ന വിലയിരുത്തലുമുണ്ട്. കേന്ദ്ര സർക്കാർ 2030ഓടെ രാജ്യത്തെ പുതിയ വാഹന വിൽപനയിൽ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ഇപ്പോഴും ആ ലക്ഷ്യത്തിൽ നിന്ന് ഏറെ അകലെയാണ് എന്നു കാണാനാകും.
വ്യവസായ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിലവിലെ വിപണി വിഹിതത്തിൽ ഇരുപതിലധികം ശതമാനം വർധന കൈവരിക്കേണ്ടതുണ്ട്. ഇതിന് വാഹന നിർമാതാക്കളുടെ മാത്രം ശ്രമം പോരാ; സർക്കാർ നയങ്ങൾ, സ്വകാര്യ നിക്ഷേപം, ചാർജിംഗ് ശൃംഖല, ബാറ്ററി നിർമ്മാണം, ഉപഭോക്തൃ വിശ്വാസം എന്നിവയും ഇതിനനുസൃതമായി ശക്തിപ്പെടുകയും ശരിയായ ദിശയിൽ പ്രവർത്തിക്കുകയും വേണം.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി: VISION 2030
രാജ്യത്തെ വാഹന നിർമ്മാതാക്കൾ പുതിയ തലമുറ ഇലക്ട്രിക് കാറുകൾ തുടർച്ചയായി അവതരിപ്പിക്കുന്നുണ്ട്. മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, എംജി, ഹ്യൂണ്ടായി തുടങ്ങിയ കമ്പനികൾ കൂടുതൽ റേഞ്ചും അതിവേഗ ചാർജിംഗും ഉൾപ്പെടെയുള്ള സവിശേഷതകളുള്ള വാഹനങ്ങൾ വിപണിയിലെത്തിച്ചുകൊണ്ടിരിക്കുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് വിഭാഗം സിഇഒ നളിനികാന്തിന്റെ അഭിപ്രായത്തിൽ, ഉപഭോക്താക്കൾ ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളെ വെറും പരീക്ഷണ സാങ്കേതികവിദ്യയായി മാത്രമല്ല കാണുന്നത്. മറിച്ച്, യഥാർത്ഥ ഉപയോഗാനുഭവമാണ് അവരുടെ വാങ്ങൽ തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. 500 കിലോമീറ്ററോളം യഥാർത്ഥ ഡ്രൈവിംഗ് റേഞ്ച്, വെറും 20 മിനിറ്റിനുള്ളിൽ 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനങ്ങൾ, ദീർഘകാല ബാറ്ററി വാറന്റി തുടങ്ങിയ ഘടകങ്ങൾ ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കുന്ന സുപ്രധാനമാണെന്ന് അദ്ദേഹം പറയുന്നു.
അതേസമയം, വ്യവസായ വിശകലന സ്ഥാപനമായ ICRAയുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ഇപ്പോഴും നിരവധി അടിസ്ഥാന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ഉയർന്ന പ്രാരംഭ വില, ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, ഉപഭോക്താക്കളുടെ പരിമിതമായ അവബോധം, വായ്പാ ലഭ്യതയിലെ സൂക്ഷ്മ സമീപനം എന്നിവ EV സ്വീകരണത്തെ മന്ദഗതിയിലാക്കുന്ന പ്രധാന കാരണങ്ങളാണെന്ന് ഐസിആർഎ ചൂണ്ടിക്കാണിക്കുന്നു. 2030 ലക്ഷ്യം കൈവരിക്കണമെങ്കിൽ പ്രതിവർഷം വിപണിയുടെ വളർച്ച ഇന്നത്തേതിനേക്കാൾ വേഗത്തിലാകേണ്ടിവരും. അതിനായി വാഹന നിർമാതാക്കളും സർക്കാരും ധനകാര്യ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് മുന്നറിയിപ്പ്.
വില വലിയ തടസ്സം

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വാഹനങ്ങളുടെ ഉയർന്ന വില തന്നെയാണ്. ഒരു ഉപഭോക്താവ് ഷോറൂമിൽ വാഹനം തിരഞ്ഞെടുക്കുമ്പോൾ ആദ്യം നോക്കുന്നത് വിലയാണ്. ദീർഘകാല ലാഭം പിന്നീട് മാത്രം പരിഗണിക്കപ്പെടുന്ന വിഷയമാണ്. ഉദാഹരണമായി ഹ്യൂണ്ടായി ക്രെറ്റയെ എടുത്താൽ, പെട്രോൾ പതിപ്പിന്റെ ഓൺ-റോഡ് വില ഏകദേശം 13 ലക്ഷം രൂപയ്ക്കടുത്താണ്. ഡീസൽ മോഡലിന് അതിലും കൂടുതലാണ്. എന്നാൽ ഇലക്ട്രിക് പതിപ്പിന്റെ വില ഏകദേശം 19 മുതൽ 20 ലക്ഷം രൂപ വരെ ഉയരുന്നു. അതായത് പെട്രോൾ മോഡലിനെ അപേക്ഷിച്ച് ഏകദേശം ഏഴ് ലക്ഷം രൂപയുടെ അധിക ചിലവാണ് ഉപഭോക്താവ് തുടക്കത്തിൽ തന്നെ വഹിക്കേണ്ടി വരുന്നത്.
വാഹനം വർഷത്തിൽ 15,000 കിലോമീറ്ററോ അതിലധികമോ ഓടിക്കുന്നവർക്ക് ഈ അധിക ചിലവ് പിന്നീട് കുറഞ്ഞ പ്രവർത്തനച്ചിലവിലൂടെ തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന വസ്തുതയുണ്ട്. വൈദ്യുതി ഉപയോഗിച്ചുള്ള ഓട്ടച്ചെലവ് പെട്രോളിനേക്കാൾ വളരെ കുറവാണെന്നതിനാൽ ഇത് ഏതാണ്ട് ഗ്യാരണ്ടിയുമാണ്. പരിപാലന ചിലവും സാധാരണയായി കുറവായിരിക്കും. എന്നാൽ ഇന്ത്യയിലെ ഭൂരിഭാഗം കുടുംബങ്ങളും ദീർഘകാല ലാഭത്തേക്കാൾ ആദ്യ നിക്ഷേപത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. അതിനാൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി വളരുന്നതിന് വിലയിലെ ഈ വലിയ വ്യത്യാസം പ്രധാന തടസ്സമായി തുടരുന്നു.
വ്യവസായ വിദഗ്ധനായ ഹേമൽ താക്കർ പറയുന്നതുപോലെ, കൂടുതൽ വില വിഭാഗങ്ങളിൽ പുതിയ EV മോഡലുകൾ വിപണിയിലെത്തിക്കുകയാണ് ഈ പ്രശ്നത്തിനുള്ള പ്രധാന പരിഹാരം. ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭിക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റവും വേഗത്തിലാകും. അതോടൊപ്പം EVകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ വാഹന നിർമാതാക്കൾ കൂടുതൽ ബോധവൽക്കരണ ക്യാംപെയിനുകൾ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത്തരം നടപടികൾ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയുടെ വളർച്ചയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നും വിലയിരുത്തപ്പെടുന്നു.
ഇന്ത്യൻ ഉപഭോക്താവിന് വാഹനം എന്നത് ഒരു ഗതാഗത മാർഗം മാത്രമല്ല; കുടുംബത്തിന്റെ ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്നാണ്. അതിനാൽ വാങ്ങൽ തീരുമാനത്തിൽ വിലയ്ക്ക് നിർണായക സ്ഥാനമുണ്ട്. ഈ യാഥാർഥ്യം പരിഗണിക്കാതെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി അതിവേഗം വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാർഥ്യബോധമുള്ള സമീപനമല്ല.
ബാറ്ററി ചിലവ് നിർണായകം
ഇലക്ട്രിക് വാഹനങ്ങളുടെ വിലയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ബാറ്ററിയാണ്. ആഗോളതലത്തിൽ ബാറ്ററി നിർമാണ ചിലവ് കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇന്ത്യയിൽ അതിന്റെ ഗുണഫലം പൂർണമായി ലഭിച്ചിട്ടില്ല. കാരണം രാജ്യത്തെ ബാറ്ററി സെല്ലുകളുടെ വലിയൊരു വിഹിതവും ഇപ്പോഴും ഇറക്കുമതിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പ്രാദേശിക ബാറ്ററി നിർമാണം ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ വിവിധ ഉൽപ്പാദന പ്രോത്സാഹന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര നിർമാണം വർധിക്കുന്നതോടെ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ വാഹനങ്ങളുടെ വില ക്രമേണ കുറയുമെന്ന പ്രതീക്ഷ വ്യവസായ രംഗത്തുണ്ട്.
അതേസമയം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ മത്സരാധിഷ്ഠിത വായ്പാ പദ്ധതികൾ അവതരിപ്പിക്കുന്നതും വിപണിക്ക് ഗുണകരമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ പലിശനിരക്കും ദീർഘകാല വായ്പയും ലഭ്യമായാൽ കൂടുതൽ കുടുംബങ്ങൾക്ക് EV സ്വന്തമാക്കാൻ സാധിക്കും.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി മുന്നോട്ടുപോകണമെങ്കിൽ വിലക്കുറവ്, ധനസഹായം, മികച്ച സാങ്കേതികവിദ്യ, ശക്തമായ സേവന ശൃംഖല എന്നിവ ഒരുമിച്ച് മുന്നേറേണ്ടതുണ്ടെന്നാണ് വ്യവസായത്തിന്റെ പൊതുവായ വിലയിരുത്തൽ.
ചാർജിംഗ് സ്റ്റേഷനുകൾ ആശങ്ക

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി വേഗത്തിൽ വളരാൻ ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങളുടെ വികസനം നിർണായകമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് 29,000ത്തിലധികം പൊതുചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 8,800-ലധികം ഫാസ്റ്റ് ചാർജറുകളും ഉൾപ്പെടുന്നു. ദേശീയപാതകളിലും പ്രധാന നഗരങ്ങളിലും ചാർജിംഗ് ശൃംഖല വികസിപ്പിക്കുന്നതിനായി സർക്കാർ-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്ന നടപടികളും പുരോഗമിക്കുകയാണെന്ന് പിഐബി പുറത്തുവിട്ട STATUS AND EXPANSION OF EV CHARGING INFRASTRUCTURE വ്യക്തമാക്കുന്നു.(Press Information Bureau – EV Charging Infrastructure) മഹീന്ദ്ര ഉൾപ്പെടെയുള്ള നിരവധി വാഹന നിർമ്മാതാക്കൾ സ്വന്തമായി ചാർജിംഗ് നെറ്റ്‌വർക്കുകൾ വികസിപ്പിക്കുന്നതിലും നിക്ഷേപം നടത്തുന്നു. രാജ്യത്തെ പ്രധാന ഹൈവേകളിൽ അതിവേഗ ചാർജിംഗ് സൗകര്യങ്ങൾ ഒരുക്കുന്നത് ദീർഘദൂര യാത്രകൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നാണ് കമ്പനികളുടെ വിലയിരുത്തൽ.
ഈ കണക്കുകൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ചില ചിത്രങ്ങൾ വ്യത്യസ്തമാണ്. ഡൽഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, പൂനെ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ വർധിച്ചിട്ടുണ്ടെങ്കിലും ടയർ ടൂ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഈ സൗകര്യം ഇപ്പോഴും പരിമിതമാണ്. ഇതിന്റെ ഫലമായി, പല ഉപഭോക്താക്കളും “റേഞ്ച് ആൻക്‌സൈറ്റി” അഥവാ വാഹനം വഴിമധ്യേ ചാർജ് തീർന്നുപോകുമോ എന്ന ആശങ്കയിൽ നിന്ന് പൂർണമായും മോചിതരായിട്ടില്ല. പ്രത്യേകിച്ച് ദീർഘദൂര യാത്രകൾ നടത്തുന്നവരും ഗ്രാമപ്രദേശങ്ങളിലേക്ക് സ്ഥിരമായി പോകുന്നവരും ഇപ്പോഴും പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനങ്ങളെയാണ് കൂടുതൽ വിശ്വസിക്കുന്നതും ആശ്രയിക്കുന്നതും. ഇവി വിപണി അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ നഗരങ്ങളിൽ മാത്രമല്ല, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വിശ്വസനീയമായ ചാർജിംഗ് ശൃംഖല വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണ്.
കർണാടകയുടെ അനുഭവം
ഗ്രാമീണ ഇന്ത്യയിൽ EV അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിലെ വെല്ലുവിളി ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയുടെ വളർച്ചയിൽ കർണാടകയുടെ അനുഭവത്തിലൂടെ വ്യക്തമായി കാണാം. സംസ്ഥാനത്തെ വൈദ്യുതി വിതരണ സ്ഥാപനമായ BESCOM, 31 ജില്ലകളിലുമായി സ്വകാര്യ പങ്കാളിത്തത്തോടെ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. സ്വകാര്യ നിക്ഷേപം ആകർഷിച്ച് ഗ്രാമീണ മേഖലകളിലും EV ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. എന്നാൽ സംസ്ഥാനത്തിന്റെ ഈ നീക്കത്തിന് പ്രതീക്ഷിച്ചത്ര പ്രതികരണം ലഭിച്ചില്ല. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, മൈസൂരു, ദക്ഷിണ കന്നഡ, ഹാസൻ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹവേരി, ബെളഗാവി എന്നീ ഒമ്പത് ജില്ലകളിൽ മാത്രമാണ് സ്വകാര്യ കമ്പനികൾ മുന്നോട്ടുവന്നത്.
ഇതിന്റെ കാരണം വളരെ ലളിതമാണെന്ന് വാഹനരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള ജില്ലകളിൽ EV വാഹനങ്ങളുടെ എണ്ണം ഇപ്പോഴും കുറവാണ്. അതുകൊണ്ടുതന്നെ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നത് സാമ്പത്തികമായി ലാഭകരമല്ലെന്നാണ് കമ്പനികളുടെ നിലപാട്. ഇത് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി നേരിടുന്ന മറ്റൊരു യാഥാർഥ്യം തുറന്നുകാട്ടുന്നു. വാഹനങ്ങൾ വർധിക്കാതെ ചാർജിംഗ് സ്റ്റേഷനുകൾ ലാഭകരമാകില്ലെന്ന ലളിതമായ സത്യമാണിത്. അതേസമയം ചാർജിംഗ് സൗകര്യങ്ങളില്ലാതെ കൂടുതൽ ആളുകൾ EV വാങ്ങാനും തയ്യാറാകില്ല. ഈ “കോഴിയോ മുട്ടയോ” എന്ന അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ സർക്കാർ തലത്തിലുള്ള ഇടപെടൽ അനിവാര്യമായി മാറുന്നു.
സർക്കാർ പദ്ധതികൾ എത്രത്തോളം സഹായകരം?
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി വളർത്താൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. FAME (Faster Adoption and Manufacturing of Electric Vehicles) പദ്ധതിയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഈ പദ്ധതിയിലൂടെ EV വാഹനങ്ങൾക്ക് പ്രത്യേക സബ്സിഡി നൽകുന്നതിനൊപ്പം പൊതുഗതാഗത സംവിധാനങ്ങളിൽ ഇലക്ട്രിക് ബസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും നടത്തുന്നതായി ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം പുറത്തുവിട്ട വ്യക്തമാക്കുന്നു. (Ministry of Heavy Industries)
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച PM E-DRIVE പദ്ധതിയാണ് ഈ ദിശയിലുള്ള മറ്റൊരു സുപ്രധാന കാൽവെയ്പ്പ് . ഏകദേശം 10,900 കോടി രൂപയുടെ ഈ പദ്ധതി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുക, ചാർജിംഗ് അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുക, ആഭ്യന്തര നിർമാണം പ്രോത്സാഹിപ്പിക്കുക എന്നീ സുപ്രധാന ലക്ഷ്യങ്ങളോടെയാണ് നടപ്പാക്കുന്നത്. കൂടാതെ, ബാറ്ററി നിർമാണത്തിനും അഡ്വാൻസ്ഡ് ഓട്ടോമോട്ടീവ് സാങ്കേതികവിദ്യകൾക്കുമായി Production Linked Incentive (PLI) പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതികളിലൂടെയാണ് ഇവി വിപണിയെ ദീർഘകാല വളർച്ചയിലേക്ക് നയിക്കാൻ സർക്കാർ ശ്രമിക്കുന്നത്. എന്നാൽ നയങ്ങളിലെ സ്ഥിരതയാണ് വ്യവസായ രംഗം ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്നം. സബ്സിഡി, പ്രോത്സാഹനങ്ങൾ, ലക്ഷ്യങ്ങൾ എന്നിവയിൽ ഇടയ്ക്കിടെ മാറ്റങ്ങൾ വരുന്നത് കമ്പനികളുടെ ദീർഘകാല നിക്ഷേപ തീരുമാനങ്ങളെ ബാധിക്കാറുണ്ട്.
ബാറ്ററി വിതരണ ശൃംഖല: വലിയ ദൗർബല്യം

ഇലക്ട്രിക് വാഹനത്തിന്റെ ഹൃദയം ബാറ്ററിയാണ്. എന്നാൽ ആ ബാറ്ററിക്കാവശ്യമായ പ്രധാന അസംസ്കൃത വസ്തുക്കളുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും വിദേശ രാജ്യങ്ങളെ ആശ്രയിക്കുകയാണ്. ലിഥിയം, കോബാൾട്ട്, നിക്കൽ തുടങ്ങിയ നിർണായക ധാതുക്കളുടെ ആഭ്യന്തര ലഭ്യത വളരെ പരിമിതമാണ്. ഇതിന്റെ ഫലമായി രാജ്യത്തെ ലിഥിയം-അയൺ ബാറ്ററികളുടെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെ മാത്രമാണ് ലഭിക്കുന്നത്. Society of Indian Automobile Manufacturers
ഈ സാഹചര്യത്തിന്റെ ഫലമായി ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ആഗോള വിതരണ ശൃംഖലയിലെ മാറ്റങ്ങൾക്ക് കൂടുതൽ വിധേയമാക്കുന്നു. സമീപകാലത്ത് ചൈന ഉയർന്ന നിലവാരമുള്ള ലിഥിയം-അയൺ ബാറ്ററികൾ, കാതോഡ് മെറ്റീരിയലുകൾ, ഗ്രാഫൈറ്റ് ആനോഡുകൾ എന്നിവയുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ കൊണ്ടുവന്നത് ആഗോള വിപണിയിൽ ആശങ്ക ഉയർത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഇന്ത്യയിലെ നിർമാതാക്കളുടെ ഉൽപാദന ചിലവും ബാറ്ററി ലഭ്യതയും നേരിട്ട് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഭ്യന്തര ബാറ്ററി നിർമാണം ശക്തിപ്പെടുത്തുകയും നിർണായക ധാതുക്കളുടെ വിതരണ ശൃംഖല വൈവിധ്യവൽക്കരിക്കുകയും ചെയ്യാതെ ഇവി വിപണിയെ ദീർഘകാല വളർച്ചയിലേക്ക് കൊണ്ടുപോകുന്നത് എളുപ്പമാകില്ല എന്നാണ് ഇതിന്റെയർത്ഥം.
ഇരുചക്ര വാഹനങ്ങൾ യഥാർഥ കരുത്ത്
പാസഞ്ചർ കാറുകളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്ര, മുചക്ര വാഹനങ്ങളുടെ വളർച്ച അതിവേഗത്തിലാണ്. ഡെലിവെറി കമ്പനികൾ, ഓട്ടോറിക്ഷകൾ, നഗര ഗതാഗതം എന്നിവിടങ്ങളിൽ ഇവയുടെ കുറഞ്ഞ പ്രവർത്തന ചിലവ് വലിയ നേട്ടമാണ്. ദിവസേന നിശ്ചിത ദൂരം മാത്രം സഞ്ചരിക്കുന്നതിനാൽ ചാർജിംഗ് സൗകര്യങ്ങളിലെ പരിമിതികളും ഇവയ്ക്ക് വലിയ പ്രശ്നമാകുന്നില്ല എന്ന ഗുണവുമുണ്ട്.
അതേസമയം, ഇലക്ട്രിക് ബസുകൾക്കും സർക്കാർ പിന്തുണയോടെ മികച്ച വളർച്ചയാണ് ലഭിക്കുന്നത് എന്നുകാണാം. എന്നാൽ ദീർഘദൂര ചരക്ക് ഗതാഗതത്തിനുള്ള ഹെവി ട്രക്കുകളുടെ കാര്യത്തിൽ ചിത്രം വ്യത്യസ്തമാണ്. ഉയർന്ന ബാറ്ററി ചിലവ്, വലിയ ചാർജിംഗ് ആവശ്യകത, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ കാരണം ഈ വിഭാഗത്തിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ് എന്നു കാണാം.
ഇത് ഇന്ത്യയിലെ EV പരിവർത്തനം എല്ലാ വാഹനവിഭാഗങ്ങളിലും ഒരേ വേഗത്തിലല്ല നടക്കുന്നതെന്ന് വ്യക്തമാക്കുന്നു. വാഹനത്തിന്റെ ഉപയോഗരീതി, സാമ്പത്തിക പ്രായോഗികത, ചാർജിംഗ് സൗകര്യം എന്നിവ അനുസരിച്ചാണ് ഓരോ വിഭാഗത്തിന്റെയും വളർച്ച നിർണയിക്കപ്പെടുന്നത്.
വിദേശ നിക്ഷേപം, അവസരമോ വെല്ലുവിളിയോ?
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വാഹന വിപണികളിലൊന്നായ ഇന്ത്യയിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ഇപ്പോൾ ആഗോള ഇലക്ട്രിക് വാഹന നിർമാതാക്കളുടെയും നിക്ഷേപകരുടെയും ശ്രദ്ധാകേന്ദ്രമാണ്. വലിയ ജനസംഖ്യ, വർധിച്ചുവരുന്ന നഗരവൽക്കരണം, പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനുള്ള സർക്കാർ പിന്തുണ എന്നിവ ഇന്ത്യൻ EV വിപണിയെ വിദേശ കമ്പനികൾക്ക് ആകർഷകമാക്കുന്നു.
എന്നാൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ വിജയിക്കുക എന്നത് വെറും വാഹനങ്ങൾ ഇറക്കുമതി ചെയ്ത് വിൽക്കുക എന്നതിനെ മാത്രം ആശ്രയിച്ചുള്ള കാര്യമല്ല എന്ന് വിദേശ കമ്പനികൾക്ക് നന്നായി അറിയാം. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ഉപഭോക്തൃ സ്വഭാവം, വിലയോടുള്ള അതീവ സംവേദനക്ഷമത, സംസ്ഥാനങ്ങൾക്കനുസരിച്ച് മാറുന്ന നയങ്ങൾ, വിതരണ ശൃംഖല, പ്രാദേശിക ഉൽപാദന നിബന്ധനകൾ എന്നിങ്ങനെ കൃത്യമായി പഠിച്ച് മനസ്സിലാക്കി മുന്നോട്ടുപോകേണ്ട നിരവധി ഘടകങ്ങളാണ് ഈ പ്രോസസിൽ അടങ്ങിയിട്ടുള്ളത്.
ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിന് മുമ്പ് പല കമ്പനികളും വർഷങ്ങളുടെ പരിചയസമ്പത്തുള്ല ഓട്ടോമൊബൈൽ കൺസൾട്ടൻസികളുടെയും മാർക്കറ്റ് റിസർച്ച് സ്ഥാപനങ്ങളുടെയും സഹായം തേടുന്നതും ഇതുകൊണ്ടാണ്. ശരിയായ വിലനിർണയം, അനുയോജ്യമായ മോഡലുകളുടെ തിരഞ്ഞെടുപ്പ്, വിൽപ്പനാനന്തര സേവന ശൃംഖല എന്നിവ വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ പിടിച്ചുനിൽക്കാനും വിജയിക്കാനുമുള്ള പ്രധാന ഘടകങ്ങളാണ്. ഇത്തരം കാര്യങ്ങൾ കൃത്യമായി ചെയ്താൽ വിദേശ നിക്ഷേപകർക്ക് ഇന്ത്യ വലിയ സാധ്യതകൾ നൽകുന്നുണ്ടെങ്കിലും, ഈ വിപണിയിൽ ദീർഘകാല കാഴ്ചപ്പാടും പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ചുള്ള തന്ത്രവും അനിവാര്യമാണെന്ന് വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഉപഭോക്താക്കളുടെ വിശ്വാസം
വിലയും ചാർജിംഗ് സൗകര്യങ്ങളും മാത്രമല്ല, ഉപഭോക്താക്കളുടെ മനസ്സിലുള്ള സംശയങ്ങളും രാജ്യത്തെ EV വിപണിയുടെ വളർച്ചയെ സ്വാധീനിക്കുന്നു. ബാറ്ററിയുടെ ആയുസ്സ് എത്രയാകും, വർഷങ്ങൾക്കുശേഷം ബാറ്ററി മാറ്റേണ്ടി വന്നാൽ എത്ര ചെലവ് വരും, ഉപയോഗിച്ച EV വാഹനങ്ങൾക്ക് നല്ല റീസെയിൽ വാല്യു ലഭിക്കുമോ, മഴക്കാലത്തും ചൂടേറിയ കാലാവസ്ഥയിലും പ്രകടനം എങ്ങനെയായിരിക്കും, ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഇപ്പോഴും പല ഉപഭോക്താക്കളുടെയും മനസ്സിലുണ്ട്.
വാഹന നിർമാതാക്കൾ ദീർഘകാല ബാറ്ററി വാറന്റി, റോഡ് സൈഡ് അസിസ്റ്റൻസ്, സർവീസ് പാക്കേജുകൾ തുടങ്ങിയവ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പൊതുജനങ്ങളുടെ വിശ്വാസം പൂർണമായി നേടിയെടുക്കാൻ ഇനിയും സമയം വേണ്ടിവരും എന്നതാണ് വസ്തുത. വാഹനം വാങ്ങാൻ ആലോചിക്കുന്നവർക്ക് ടെസ്റ്റ് ഡ്രൈവ് ക്യാംപുകൾ, യഥാർഥ ഉപഭോക്താക്കളുടെ അനുഭവങ്ങൾ, ബാറ്ററി സുരക്ഷയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ എന്നിവ കൂടുതൽ ലഭ്യമാക്കുന്നത് EV സ്വീകരണം വർധിപ്പിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
തീരുമാനത്തെ സ്വാധീനിക്കുന്നത്
ഇന്നും ഇന്ത്യയിലെ വാഹന വിപണിയിൽ പെട്രോൾ വാഹനങ്ങൾക്കാണ് ഏറ്റവും കൂടുതൽ സ്വീകാര്യത. കുറഞ്ഞ പ്രാരംഭ വില, എളുപ്പത്തിൽ ലഭ്യമായ ഇന്ധനം, വ്യാപകമായ സർവീസ് ശൃംഖല എന്നിവയാണ് ഇതിന്റെ പ്രധാന കാരണം. ഡീസൽ വാഹനങ്ങൾ ഇപ്പോഴും ദീർഘദൂര യാത്രകൾക്കും കൂടുതൽ കിലോമീറ്റർ ഓടുന്ന ഉപയോക്താക്കൾക്കും മികച്ച തിരഞ്ഞെടുപ്പായി തുടരുന്നു. മികച്ച മൈലേജും ദീർഘദൂര യാത്രകളിലെ കാര്യക്ഷമതയും ഇവയുടെ പ്രധാന നേട്ടമാണ്.
അതേസമയം, ഇലക്ട്രിക് വാഹനങ്ങൾ ദീർഘകാല ഉപയോഗത്തിൽ കുറഞ്ഞ പ്രവർത്തനച്ചെലവും പരിപാലനച്ചെലവും വാഗ്ദാനം ചെയ്യുന്നു. വീട്ടിൽ തന്നെ ചാർജ് ചെയ്യാനുള്ള സൗകര്യമുള്ളവർക്കും ദിവസേന നഗരപരിധിക്കുള്ളിൽ യാത്ര ചെയ്യുന്നവർക്കും EV കൂടുതൽ പ്രായോഗികമാകുന്നു. എന്നാൽ വാങ്ങുന്ന നിമിഷത്തിലെ ഉയർന്ന വില പലരെയും ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നു എന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെ രാജ്യത്തെ EV വിപണി ഉപഭോക്താക്കളുടെ തീരുമാനത്തിനും സാമ്പത്തിക സാഹചര്യങ്ങളെയും ആശ്രയിച്ചാണ് രൂപപ്പെടുന്നത്.
വെല്ലുവിളികളും പരിഹാരങ്ങളും
2030ഓടെ ഇന്ത്യയിലെ മൊത്തം പുതിയ വാഹന വിൽപനയുടെ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുക എന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം, രാജ്യത്തെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോന്നതാണ്. പരിസ്ഥിതി സൗഹൃദമായ ഊർജ്ജ ഉപഭോഗത്തിലേക്കുള്ള ഈ യാത്ര സുഗമമാക്കണമെങ്കിൽ, നയപരമായ തീരുമാനങ്ങൾക്കപ്പുറം പ്രായോഗികമായ നിരവധി ചുവടുവെപ്പുകൾ നടപ്പിലാക്കേണ്ടതുണ്ട്.
സാധാരണക്കാർക്ക് താങ്ങാനാവുന്ന തരത്തിൽ ഇവിയുടെ പ്രാരംഭ വില കുറയ്ക്കാൻ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കൂടുതൽ കരുത്ത് പകരണം. ഇലക്ട്രിക് വാഹനങ്ങളുടെ ഹൃദയമായ ബാറ്ററി നിർമാണം രാജ്യത്ത് തന്നെ പൂർണമായി യാഥാർത്ഥ്യമായാൽ ഉൽപാദനച്ചിലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ലിഥിയം, നിക്കൽ തുടങ്ങിയ നിർണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ സുസ്ഥിരമായ വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കാനും ഇന്ത്യ ശ്രദ്ധ ചെലുത്തണം.
അടിസ്ഥാന സൗകര്യ വികസനമാണ് അടുത്ത ഘട്ടം. വാഹനം വാങ്ങിയിട്ട് ചാർജ് ചെയ്യാൻ സൗകര്യമില്ലാത്ത അവസ്ഥ മാറണം. രാജ്യവ്യാപകമായി ഫാസ്റ്റ് ചാർജിംഗ് ശൃംഖലകൾ വികസിപ്പിക്കുന്നത് ദൂരയാത്ര ചെയ്യുന്ന ഉപഭോക്താക്കളുടെ ആശങ്ക അകറ്റാൻ സഹായിക്കും. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമീണ മേഖലകളിൽ കൂടി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചാൽ മാത്രമേ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർദ്ധിക്കുകയുള്ളൂ. കൂടാതെ, ബാങ്കുകളുമായി സഹകരിച്ച് EV വാങ്ങുന്നവർക്കായി കൂടുതൽ ആകർഷകമായ വായ്പാ സൗകര്യങ്ങളും സാമ്പത്തിക പ്രോത്സാഹനങ്ങളും നൽകേണ്ടതുണ്ട്.
സാങ്കേതിക മാറ്റത്തിനൊപ്പം തന്നെ പ്രധാനമാണ് ജനങ്ങളുടെ മനസ്സ് മാറ്റുന്നതും. ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ പരിഹരിക്കാനും അവയുടെ സുരക്ഷയും പ്രകടനവും സംബന്ധിച്ച് കൃത്യമായ ബോധവൽക്കരണം നൽകാനും സർക്കാർ ശ്രമിക്കണം. ഇതിനായി വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം അനിവാര്യമാണ്. ഒപ്പം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ ദീർഘകാല സ്ഥിരത ഉറപ്പാക്കുക എന്നത് വളരെ പ്രധാനമാണ്. പെട്ടെന്നുണ്ടാകുന്ന നയപരമായ മാറ്റങ്ങൾ നിക്ഷേപകരെയും വാഹന നിർമ്മാതാക്കളെയും അകറ്റാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ദീർഘകാല വളർച്ച കൈവരിക്കണമെങ്കിൽ ഈ ഘടകങ്ങളിലെ സ്ഥിരത നിർണായകമാണ്.
ചുരുക്കത്തിൽ, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക പിന്തുണ, ജനപങ്കാളിത്തം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു കർമ്മപദ്ധതിയാണ് ഇന്ത്യയ്ക്ക് ആവശ്യം. ഈ മേഖലകളിൽ കൃത്യമായ പുരോഗതി കൈവരിക്കാൻ സാധിച്ചാൽ, 2030ലെ ലക്ഷ്യം കൈവരിക്കുക എന്നത് സ്വപ്നമല്ല, മറിച്ച് യാഥാർത്ഥ്യമായിരിക്കും. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ആഗോള തലത്തിൽ ഇന്ത്യയ്ക്ക് സ്വന്തമായ ഒരിടം കണ്ടെത്താനും ഇതിലൂടെ സാധിക്കും. ഹരിത ഗതാഗതത്തിലേക്കുള്ള ഈ മാറ്റം വരുംതലമുറയ്ക്ക് വേണ്ടി നാം നൽകുന്ന ഏറ്റവും വലിയ സംഭാവനയായിരിക്കും.
നിർണായക വഴിത്തിരിവ്
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ഇന്ന് നിർണായക വഴിത്തിരിവിലാണ്. ഒരു വശത്ത് വിൽപന വർധിക്കുന്നു, പുതിയ മോഡലുകൾ വിപണിയിലെത്തുന്നു, സർക്കാർ പിന്തുണ ശക്തമാകുന്നു, സ്വകാര്യ നിക്ഷേപം ഉയരുന്നു. മറുവശത്ത് ഉയർന്ന വാഹനവില, അപര്യാപ്തമായ ചാർജിംഗ് അടിസ്ഥാനസൗകര്യം, ബാറ്ററി ഇറക്കുമതിയിലുള്ള ആശ്രിതത്വം, ഉപഭോക്താക്കളുടെ ആശങ്കകൾ എന്നിവ വളർച്ചയുടെ വേഗത കുറയ്ക്കുന്നു.
ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റി യാത്ര ആരംഭിച്ചുകഴിഞ്ഞു എന്നതിൽ സംശയമില്ല. എന്നാൽ ആ യാത്ര വിജയകരമായി ലക്ഷ്യത്തിലെത്തണമെങ്കിൽ വാഹന നിർമാതാക്കളും സർക്കാരും നിക്ഷേപകരും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളും ഒരുമിച്ച് മുന്നേറേണ്ടതുണ്ട്. വരുന്ന അഞ്ച് വർഷങ്ങൾ _ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി_യുടെ ഭാവി നിർണയിക്കുന്ന ഏറ്റവും നിർണായക കാലഘട്ടമായിരിക്കും. നിലവിലെ വെല്ലുവിളികൾ ഫലപ്രദമായി മറികടക്കാൻ കഴിഞ്ഞാൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വിപണികളിലൊന്നായി മാറാൻ എല്ലാ സാധ്യതകളും നിലനിൽക്കുന്നു.

