ഫെബ്രുവരി പകുതിയോടെ ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് ഇടതുകൈയിൽ ശക്തമായ വേദന അനുഭവപ്പെട്ടത്. പിന്നീട് കൈ അനക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി. വേദനസംഹാരികൾ കഴിച്ചിട്ടും ആശ്വാസം ലഭിക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് കൈപ്പത്തിയിലേക്കുള്ള രക്തയോട്ടം പൂർണമായും നിലച്ചതായും രക്തക്കുഴലുകളിൽ വലിയ ബ്ലോക്കുകൾ കണ്ടെത്തിയതായും സരിത പറയുന്നു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന വിവരം പങ്കുവച്ച് സരിത എസ്. നായർ. അമീബിക് മസ്തിഷ്കജ്വരത്തിന് (Amoebic Meningoencephalitis) ചികിത്സയിൽ കഴിയുന്നതിനിടെ ഇടതുകൈയിലേക്കുള്ള രക്തയോട്ടം പൂർണമായും നിലച്ചതിനെ തുടർന്ന് ചൂണ്ടുവിരൽ മുറിച്ചുമാറ്റേണ്ടിവന്നതായി സരിത ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കുറിച്ചു.
പത്തനാപുരം ഇ.എം.എസ്. ആശുപത്രിയിലെ ചികിത്സാപിഴവ് സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, വൈദ്യശാസ്ത്രപരമായ കാര്യങ്ങൾ കൃത്യമായി പരിശോധിക്കാതെ ആരോഗ്യപ്രവർത്തകരെ കുറ്റപ്പെടുത്തരുതെന്ന അഭ്യർഥനയ്ക്കൊപ്പമാണ് സ്വന്തം അനുഭവവും സരിത എസ്. നായർ പങ്കുവച്ചത്. കഴിഞ്ഞ ഫെബ്രുവരി പകുതിയോടെ ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് ഇടതുകൈയിൽ ശക്തമായ വേദന അനുഭവപ്പെട്ടത്. പിന്നീട് കൈ അനക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി. വേദനസംഹാരികൾ കഴിച്ചിട്ടും ആശ്വാസം ലഭിക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് കൈപ്പത്തിയിലേക്കുള്ള രക്തയോട്ടം പൂർണമായും നിലച്ചതായും രക്തക്കുഴലുകളിൽ വലിയ ബ്ലോക്കുകൾ കണ്ടെത്തിയതായും സരിത പറയുന്നു.
അമീബിക് മസ്തിഷ്കജ്വരത്തിനുള്ള ചികിത്സ നടക്കുന്നതിനാൽ അടിയന്തരമായി ശസ്ത്രക്രിയ നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും സരിത വ്യക്തമാക്കി. തുടർന്ന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയെങ്കിലും നിലവിലുള്ള രോഗാവസ്ഥ പരിഗണിച്ച് അവിടെയും ശസ്ത്രക്രിയ ഒഴിവാക്കുകയായിരുന്നു. രക്തയോട്ടം നിലച്ചതോടെ ജൂലൈ പകുതിയോടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ ഗാംഗ്രീൻ ബാധിച്ചു. അണുബാധ അസ്ഥിയിലേക്കും വ്യാപിച്ചതോടെ വിരൽ മുറിച്ചുമാറ്റേണ്ടിവന്നതായും സരിത പറഞ്ഞു.
ശ്രീചിത്രയിലെ പരിശോധനയിലാണ് ‘ഇൻകംപ്ലീറ്റ് സെർവിക്കൽ ബോൺ’ എന്ന അവസ്ഥ കണ്ടെത്തിയതെന്നും സരിത കുറിച്ചു. നേരത്തേ തന്നെ വാസ്കുലൈറ്റിസ്, മോണോന്യൂറൈറ്റിസ് മൾട്ടിപ്ലക്സ് തുടങ്ങിയ അപൂർവ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു സരിത. “രോഗങ്ങളോട് പൊരുതി മനസ്സും ശരീരവും മരവിച്ച അവസ്ഥയിലാണ്. പുറത്തുനിന്ന് നോക്കുന്നവർക്ക് ഉള്ളിലെ വേദന കാണാനാകില്ല,” എന്നാണ് സരിതയുടെ കുറിപ്പിലെ വാക്കുകൾ. എത്ര പ്രതിസന്ധിയുണ്ടെങ്കിലും തലയുയർത്തി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി.
ഓരോരുത്തരുടെയും ശരീരം മരുന്നുകളോട് എങ്ങനെ പ്രതികരിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാനാകില്ലെന്നും അതിനാൽ വൈദ്യശാസ്ത്രപരമായ വസ്തുതകൾ കൃത്യമായി പരിശോധിക്കാതെ രാപ്പകൽ ജോലി ചെയ്യുന്ന ഡോക്ടർമാരെ ക്രൂശിക്കരുതെന്നും സരിത എസ്. നായർ അഭ്യർഥിച്ചു.
തനിക്കായി പ്രാർഥിക്കുന്നവർ ഒപ്പമുണ്ടാകണമെന്നും വരാനിരിക്കുന്ന ശസ്ത്രക്രിയ സംബന്ധിച്ച് കാര്യങ്ങൾ ഉറപ്പായാൽ അറിയിക്കാമെന്നും പറഞ്ഞാണ് സരിതയുടെ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
Saritha S. Nair shared a health update revealing that her left index finger was amputated due to blood circulation failure while being treated for amoebic meningoencephalitis. Amid hospital controversies, she urged the public not to prematurely blame medical staff, citing her complex underlying conditions and unpredictable treatment responses.

