• Home  
  • ടാറ്റാ ഇലക്ട്രോണിക്സ്-ASML ചർച്ചകൾ; ലോകത്തെ ഏറ്റവും ആധുനിക ചിപ് മെഷീൻ ഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കുമോ?‌
- Tech - Breaking News - Business

ടാറ്റാ ഇലക്ട്രോണിക്സ്-ASML ചർച്ചകൾ; ലോകത്തെ ഏറ്റവും ആധുനിക ചിപ് മെഷീൻ ഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കുമോ?‌

ടാറ്റാ ഇലക്ട്രോണിക്സും ASMLഉം ലോകത്തിലെ ഏറ്റവും ആധുനിക EUV ലിത്തോഗ്രാഫി മെഷീനുകളുടെ ഘടകങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ ചർച്ച നടത്തുന്നു. ഈ മാറ്റം ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായത്തിന് എന്തുകൊണ്ട് നിർണായകമാണ് എന്നറിയാം. ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായത്തിന് വൻ മുന്നേറ്റം സൃഷ്ടിക്കാൻ കെൽപ്പുള്ള നിർണായക ചർച്ചകളുമായി ടാറ്റാ ഇലക്ട്രോണിക്സ്. ലോകത്തിലെതന്നെ ഏറ്റവും ആധുനിക സെമികണ്ടക്ടർ ചിപ് നിർമാണ ഉപകരണങ്ങൾ വികസിപ്പിക്കുന്ന നെതർലാൻഡ്‌സ് ആസ്ഥാനമായ ASMLനൊപ്പം, അത്യാധുനിക എക്സ്ട്രീം അൾട്രാവയലറ്റ് (EUV) ലിത്തോഗ്രാഫി മെഷീനുകളുടെ ഘടകങ്ങളും സബ്-അസംബ്ലികളും ഇന്ത്യയിൽ നിർവഹിക്കാനുള്ള സാധ്യതകളാണ് […]

ടാറ്റാ ഇലക്ട്രോണിക്സ്

ടാറ്റാ ഇലക്ട്രോണിക്സും ASMLഉം ലോകത്തിലെ ഏറ്റവും ആധുനിക EUV ലിത്തോഗ്രാഫി മെഷീനുകളുടെ ഘടകങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ ചർച്ച നടത്തുന്നു. ഈ മാറ്റം ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായത്തിന് എന്തുകൊണ്ട് നിർണായകമാണ് എന്നറിയാം.

ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായത്തിന് വൻ മുന്നേറ്റം സൃഷ്ടിക്കാൻ കെൽപ്പുള്ള നിർണായക ചർച്ചകളുമായി ടാറ്റാ ഇലക്ട്രോണിക്സ്. ലോകത്തിലെതന്നെ ഏറ്റവും ആധുനിക സെമികണ്ടക്ടർ ചിപ് നിർമാണ ഉപകരണങ്ങൾ വികസിപ്പിക്കുന്ന നെതർലാൻഡ്‌സ് ആസ്ഥാനമായ ASMLനൊപ്പം, അത്യാധുനിക എക്സ്ട്രീം അൾട്രാവയലറ്റ് (EUV) ലിത്തോഗ്രാഫി മെഷീനുകളുടെ ഘടകങ്ങളും സബ്-അസംബ്ലികളും ഇന്ത്യയിൽ നിർവഹിക്കാനുള്ള സാധ്യതകളാണ് ഇരുകമ്പനികളും പരിശോധിച്ചു വരുന്നത്.

ഇതുസംബന്ധിച്ച ചർച്ചകൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ടാറ്റാ ഇലക്ട്രോണിക്സ്-ASML നീക്കം യാഥാർഥ്യമായാൽ ലോകത്തിലെ ഏറ്റവും സങ്കീർണമായ സെമികണ്ടക്ടർ ഉപകരണങ്ങളുടെ നിർമാണ ശൃംഖലയിൽ ഇന്ത്യ ശ്രദ്ധേയ പങ്കാളിയാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. നിലവിൽ ഇന്ത്യയ്ക്ക് ചിപ് രൂപകൽപന, ഇലക്ട്രോണിക്സ് അസംബ്ലി എന്നിവയിലാണ് കൂടുതൽ സാന്നിധ്യമുള്ളത്. എന്നാൽ ലിത്തോഗ്രാഫി മെഷീനുകളുടെ ഘടകങ്ങൾ നിർമിക്കാൻ സാധിക്കുകയാണെങ്കിൽ രാജ്യത്തിന്റെ സാങ്കേതിക ശേഷി പുതിയ തലത്തിലേക്ക് ഉയരുമെന്നാണ് നിരീക്ഷണം.

ASML-ടാറ്റാ ഇലക്ട്രോണിക്സ് പങ്കാളിത്തം വിപുലീകരിക്കാൻ നീക്കം

ഇക്കണോമിക് ടൈംസ് അടക്കമുള്ള വിവിധ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ടാറ്റാ ഇലക്ട്രോണിക്സ്-ASML തമ്മിലുള്ള നിലവിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും ഇന്ത്യയിൽ പ്രാദേശിക നിർമാണം വർധിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതകളാണ് ഇരുകമ്പനികളും പരിശോധിക്കുന്നത്. ASMLന്റെ മുഴുവൻ ലിത്തോഗ്രാഫി മെഷീനുകളും ഇന്ത്യയിൽ നിർമിക്കുക എന്നത് ഇപ്പോൾ പ്രായോഗികമല്ലെന്ന് ഇരുകമ്പനികൾക്കും ഇൻഡസ്ട്രിക്കും വ്യക്തമാണ്. എന്നാൽ അതിലെ ചില പ്രധാന ഘടകങ്ങളും സബ്-അസംബ്ലികളും ഇന്ത്യയിൽ നിർവഹിക്കാൻ കഴിയുമോ എന്നതാണ് ഇപ്പോഴത്തെ ചർച്ചയുടെ പ്രധാന വിഷയം. അതേസമയം ടാറ്റാ ഇലക്ട്രോണിക്സിസും ASMLഉം ഇതു സംബന്ധിച്ച് ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

ധൊലേര ഫാബുമായി ബന്ധപ്പെട്ട ധാരണാപത്രത്തിന്റെ തുടർച്ച

2026 മെയ് 16ന് ടാറ്റാ ഇലക്ട്രോണിക്സും ASMLഉം തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ടാറ്റാ ഇലക്ട്രോണിക്സ് പുതിയ ചർച്ചകൾ നടത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുജറാത്തിലെ ധൊലേര സെമികണ്ടക്ടർ ഫാബിലേക്ക് ASMLന്റെ അത്യാധുനിക ലിത്തോഗ്രാഫി ഉപകരണങ്ങളും സാങ്കേതികവിദ്യയും എത്തിക്കുന്നത് സംബന്ധിച്ചുള്ളതാണ് ഈ ധാരണാപത്രം. രാജ്യത്തെ വിദഗ്ധ മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിനും ആഭ്യന്തര വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും പ്രത്യേക പ്രാധാന്യം നൽകിയുള്ളതാണ് ധാരണാപത്രം. നിലവിൽ സബ്-അസംബ്ലി നിർമാണം സംബന്ധിച്ച ചർച്ചകൾ ആ ലക്ഷ്യത്തിന്റെ സ്വാഭാവിക തുടർച്ചയായാണ് വിലയിരുത്തപ്പെടുന്നത്.

എന്തുകൊണ്ടാണ് ASML ഇത്ര പ്രധാനപ്പെട്ടതാകുന്നത്?

ലോകത്തിലെ ഏറ്റവും ആധുനികമായ EUV ലിത്തോഗ്രാഫി മെഷീനുകൾ നിർമിക്കുന്ന കമ്പനിയാണ് ASML. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിങ്, 5G സ്മാർട്ട്ഫോണുകൾ, ഡാറ്റാ സെന്ററുകൾ, അത്യാധുനിക പ്രോസസറുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ഏറ്റവും ചെറിയ സെമികണ്ടക്ടർ ചിപ്പുകൾ നിർമിക്കാൻ ഈ മെഷീനുകൾ അനിവാര്യമാണ്.

ടിഎസ്എംസി (TSMC), സാംസങ് (Samsung), ഇന്റൽ (Intel) തുടങ്ങിയ ലോകത്തെ ഏറ്റവും വലിയ ചിപ് നിർമാതാക്കളെല്ലാം ASMLന്റെ സാങ്കേതികവിദ്യയാണ് ആശ്രയിക്കുന്നത്. 2025ൽ കമ്പനി ഏകദേശം 300 പുതിയ EUV ലിത്തോഗ്രാഫി മെഷീനുകൾ മാത്രമാണ് നിർമിച്ചത്. അതിനാൽ ഓരോ മെഷീനും വലിയ വിലപിടിപ്പുള്ളതും നിർമാണശേഷി പരിമിതവുമാണ്.

ഇന്ത്യയിൽ എന്തൊക്കെ നിർമിക്കാനാകും?

വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ പ്രാരംഭ ഘട്ടത്തിൽ പ്രിസിഷൻ മെക്കാനിക്കൽ ഭാഗങ്ങൾ, മെഷീൻ ഫ്രെയിമുകൾ, കേബിളുകൾ, കണക്ടറുകൾ, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ (PCB), ചില മെക്കാട്രോണിക് മോഡ്യൂളുകൾ എന്നിവ ഇന്ത്യയിൽ നിർമിക്കാനുള്ള സാധ്യതകളാണ് കൂടുതലുമുള്ളത്. എന്നാൽ EUV ഒപ്റ്റിക്സ്, അത്യാധുനിക ലൈറ്റ് സോഴ്‌സ് തുടങ്ങിയ അതിസങ്കീർണ സാങ്കേതികവിദ്യകൾ അടുത്ത കാലത്തൊന്നും ഇന്ത്യയിൽ നിർമിക്കാൻ സാധ്യതയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്നിരുന്നാലും ചെറിയ ഘടകങ്ങളുടെ നിർമാണം പോലും ഇന്ത്യയിലെ പ്രിസിഷൻ എൻജിനീയറിങ് കമ്പനികൾക്ക് ആഗോള നിലവാരത്തിലുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പിന്തുടരാൻ സഹായിക്കുമെന്നും അത് ഭാവിയിൽ കൂടുതൽ വലിയ നിർമാണ പദ്ധതികൾക്ക് വഴിയൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഇന്ത്യയുടെ സെമികണ്ടക്ടർ ലക്ഷ്യങ്ങൾക്ക് കരുത്താകുമോ?

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഇന്ത്യ സെമികണ്ടക്ടർ മിഷൻ രാജ്യത്തെ ആഗോള സെമികണ്ടക്ടർ നിർമാണ കേന്ദ്രമാക്കി മാറ്റുക എന്ന സുപ്രധാന ലക്ഷ്യവുമായി മുന്നേറുകയാണ്. ഗുജറാത്തിലെ ധൊലേരയിൽ ടാറ്റാ ഇലക്ട്രോണിക്സിന്റെ ഫാബും ഈ പദ്ധതിയുടെ പ്രധാന ഭാഗമാണ്. ഇതോടൊപ്പം ASML പോലൊരു ആഗോള സാങ്കേതിക ഭീമന്റെ വിതരണ ശൃംഖലയിൽ ഇന്ത്യയ്ക്ക് ഇടം പിടിക്കാൻ സാധിച്ചാൽ ആഭ്യന്തര വ്യവസായത്തിനും ചെറുകിട വിതരണ കമ്പനികൾക്കും വലിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നുറപ്പാണ്.

ASML നിലവിൽ സ്വന്തം മെഷീനുകളുടെ ഏകദേശം 80 ശതമാനം ഘടകങ്ങളും ലോകമെമ്പാടുമുള്ള പ്രത്യേക വിതരണക്കാരിൽ നിന്നാണ് സമാഹരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയും ഈ ശൃംഖലയുടെ ഭാഗമാകുകയാണെങ്കിൽ, അത് ബിസിനസ് നേട്ടം എന്നതിൽ ഉപരി, ഇന്ത്യയുടെ ഹൈടെക് നിർമാണ ശേഷിക്ക് ലഭിക്കുന്ന ആഗോള അംഗീകാരവുമാകും എന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Leave a comment

Your email address will not be published. Required fields are marked *

About Us

Welcome to IndiaWord, your trusted destination for the latest news, breaking stories, and insightful coverage from India and around the world.

Email Us : indiawordnews@gmail.com

Categories

Indiaword © . All Rights Reserved.