രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഒരു കിലോ പഞ്ചസാരയുടെ ചില്ലറ വില 80 രൂപ വരെയെത്തിയതോടെ വിലക്കയറ്റത്തിന്റെ മറ്റൊരു സമ്മർദം കൂടി സാധാരണ കുടുംബങ്ങളുടെ മേൽ പതിക്കുകയാണ്.
അടുക്കളയിലെ നിത്യസാന്നിധ്യമായ പഞ്ചസാര വില കുതിച്ചുയരുന്നത് ഉപഭോക്താക്കൾക്ക് ആശങ്കയാകുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഒരു കിലോ പഞ്ചസാരയുടെ ചില്ലറ വില 80 രൂപ വരെയെത്തിയതോടെ വിലക്കയറ്റത്തിന്റെ മറ്റൊരു സമ്മർദം കൂടി സാധാരണ കുടുംബങ്ങളുടെ മേൽ പതിക്കുകയാണ്. പഞ്ചസാര വില ഉയരുമ്പോൾ എഥനോൾ നിർമാണത്തിനായി കരിമ്പ് ഉപയോഗിക്കുന്ന കേന്ദ്ര സർക്കാർ നയത്തെയാണ് പ്രതിപക്ഷം പ്രധാനമായും കുറ്റപ്പെടുത്തുന്നത്. എന്നാൽ, നിലവിലെ വിലവർധനയ്ക്ക് പിന്നിൽ എഥനോൾ മാത്രമല്ലെന്നാണ് വ്യവസായ മേഖലയിലെ വിലയിരുത്തൽ.
പഞ്ചസാര വില; സ്വാധീനിക്കുന്ന ഘടകങ്ങൾ
ഒരേസമയം പല ഘടകങ്ങളാണ് പഞ്ചസാര വിലയെ സ്വാധീനിക്കുന്നത്. കരിമ്പ് ഉൽപാദനത്തിലെ ഇടിവ്, വിളകളെ ബാധിച്ച രോഗങ്ങൾ, കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റങ്ങൾ, അന്താരാഷ്ട്ര വിപണിയിലെ വിലവർധന, ആഭ്യന്തര ആവശ്യകതയിലെ വർധന, വ്യാപാര മേഖലയിലെ പൂഴ്ത്തിവയ്പ്പ് തുടങ്ങിയവയെല്ലാം ഇപ്പോഴത്തെ സാഹചര്യത്തിന് പിന്നിലുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉപഭോക്താവാണ് ഇന്ത്യ. ഉൽപാദനത്തിൽ ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനത്തുമാണ് രാജ്യം. പ്രതിവർഷം 280 മുതൽ 290 ലക്ഷം മെട്രിക് ടൺ വരെ പഞ്ചസാര ഇന്ത്യയിൽ ഉപയോഗിക്കുന്നതായാണ് കണക്ക്. രാജ്യത്തെ പഞ്ചസാര ഉൽപാദനത്തിന്റെ 98 ശതമാനത്തോളം കരിമ്പിനെ ആശ്രയിച്ചാണ് നടക്കുന്നത്. അതിനാൽ കരിമ്പിന്റെ ലഭ്യതയിലുണ്ടാകുന്ന കുറവ് നേരിട്ട് പഞ്ചസാര ഉൽപാദനത്തെയും പഞ്ചസാര വിലയേയും ബാധിക്കും.
കണക്കുകൾ താഴെ
കഴിഞ്ഞ സീസണിൽ കരിമ്പ് ഉൽപാദനവുമായി ബന്ധപ്പെട്ട കണക്കുകൾ പ്രതീക്ഷിച്ചതിനേക്കാൾ താഴെയായി. 2025–26 സീസണിൽ രാജ്യത്തെ കരിമ്പ് ഉൽപാദനം 343 ലക്ഷം മെട്രിക് ടണ്ണിലെത്തുമെന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാൽ ഉൽപാദനം ഏകദേശം 306 ലക്ഷം ടണ്ണിലേക്ക് താഴ്ന്നു. കരിമ്പ് കൃഷിയെ ബാധിച്ച റെഡ് റോട്ട്, ടോപ്പ് ബോറർ തുടങ്ങിയ രോഗങ്ങളും പ്രതികൂല കാലാവസ്ഥയും ഇതിന് കാരണമായി. പ്രധാന കരിമ്പ് ഉൽപാദക സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ലഭിച്ച അപ്രതീക്ഷിത മഴയും കൃഷിക്ക് തിരിച്ചടിയായി.
പഞ്ചസാര വിലയും എഥനോൾ നിർമാണവും
ഇതിനിടയിലാണ് എഥനോൾ നിർമാണം വീണ്ടും ചർച്ചയാകുന്നത്. പെട്രോളിയം ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കുക, ഹരിത ഇന്ധന ഉപയോഗം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സർക്കാർ എഥനോൾ ബ്ലെൻഡിങ് പ്രോഗ്രാം നടപ്പാക്കുന്നത്. പെട്രോളിൽ എഥനോൾ കലർത്തുന്ന അളവ് ഘട്ടംഘട്ടമായി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കരിമ്പ് ജ്യൂസും ബി-ഹെവി മൊളാസസും എഥനോൾ നിർമാണത്തിനായി ഉപയോഗിച്ചിരുന്നു.

കരിമ്പിൽ നിന്ന് പഞ്ചസാരയ്ക്ക് പകരം എഥനോൾ ഉൽപാദിപ്പിക്കുന്ന സാഹചര്യം വർധിച്ചതോടെ രാജ്യത്തെ പഞ്ചസാര ലഭ്യതയെ ഇത് ബാധിച്ചുവെന്ന വാദമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാൽ, എഥനോൾ ഉൽപാദനം മാത്രമാണ് നിലവിലെ വിലവർധനയ്ക്ക് കാരണമെന്ന് പറയാനാകില്ലെന്നാണ് വ്യവസായ രംഗത്തുള്ളവരുടെ അഭിപ്രായം.
സി.ഐ.ഐ കേരള ഘടകം മുൻ ചെയർമാൻ ശിവദാസ് ബി. മേനോന്റെ വിലയിരുത്തലിൽ, എഥനോൾ നിർമാണം വില ഉയരാനുള്ള നിരവധി കാരണങ്ങളിൽ ഒന്ന് മാത്രമാണ്. കരിമ്പ് കൃഷിയിലെ രോഗബാധയും കാലാവസ്ഥാ വ്യതിയാനവും ഉൽപാദനത്തെ ബാധിച്ചതിനൊപ്പം വിപണിയിലെ താൽക്കാലിക ക്ഷാമം മുതലെടുത്തുള്ള ഊഹക്കച്ചവടവും പൂഴ്ത്തിവയ്പ്പും വില ഉയരാൻ ഇടയാക്കിയിട്ടുണ്ട്.
ആഗോളവിപണി
ആഗോള വിപണിയിലെ സ്ഥിതിയും ഇന്ത്യയ്ക്ക് അനുകൂലമല്ല. ലോകത്തിലെ പ്രധാന പഞ്ചസാര ഉൽപാദകരായ ബ്രസീലും തായ്ലൻഡും ഇത്തവണ ഉൽപാദന വെല്ലുവിളികൾ നേരിട്ടു. ബ്രസീലിലെ വരൾച്ച ഉൽപാദനത്തെ ബാധിച്ചതോടെ ആഗോള വിപണിയിൽ ലഭ്യത സംബന്ധിച്ച ആശങ്ക ഉയർന്നു. തായ്ലൻഡിലും ഉൽപാദനത്തിൽ ഇടിവുണ്ടായി. ഇതിന്റെ പ്രതിഫലനമായി അന്താരാഷ്ട്ര വിപണിയിൽ പഞ്ചസാര വില ടണ്ണിന് 474 ഡോളറിൽ നിന്ന് 552 ഡോളറിലേക്ക് ഉയർന്നു. 16 ശതമാനത്തിലധികമാണ് വർധന.
ആഭ്യന്തര ആവശ്യകത
ഇന്ത്യയിലെ ആഭ്യന്തര ആവശ്യകതയും വരും മാസങ്ങളിൽ ഉയരാൻ സാധ്യതയുണ്ട്. ഉത്സവ സീസൺ ആരംഭിക്കുന്നതോടെ മധുരപലഹാരങ്ങൾ, ബേക്കറി ഉൽപന്നങ്ങൾ തുടങ്ങിയവയുടെ നിർമാണം വർധിക്കും. സ്വാഭാവികമായും പഞ്ചസാരയുടെ ഉപഭോഗത്തിലും വർധനയുണ്ടാകും. ഇതിനൊപ്പം 2026–27 സീസണിൽ ആഗോളതലത്തിൽ ഏകദേശം 33 ലക്ഷം മെട്രിക് ടണ്ണിന്റെ പഞ്ചസാര ക്ഷാമമുണ്ടാകാമെന്ന പ്രവചനവും വിപണിയിലെ ആശങ്ക വർധിപ്പിക്കുന്നു. ഇതെല്ലാം പഞ്ചസാര വില ഇനിയും ഉയർത്തും.
എഥനോൾ പദ്ധതിയുടെ പിന്തുണ
എന്നാൽ എഥനോൾ പദ്ധതിക്ക് കർഷകരുടെയും പഞ്ചസാര മില്ലുകളുടെയും ഭാഗത്ത് നിന്ന് ലഭിക്കുന്ന പിന്തുണയും അവഗണിക്കാനാവില്ല. മിച്ചം വരുന്ന പഞ്ചസാര വിപണിയിൽ കെട്ടിക്കിടന്നിരുന്ന കാലത്ത് മില്ലുകൾ സാമ്പത്തിക പ്രതിസന്ധിയിലാകുകയും കർഷകർക്ക് കരിമ്പിന്റെ പണം ലഭിക്കാൻ വൈകുകയും ചെയ്തിരുന്നു. എഥനോൾ ഉൽപാദനം മില്ലുകൾക്ക് അധിക വരുമാനമാർഗം തുറന്നതോടെ ഈ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമുണ്ടായി.
2025–26 സീസണിലെ കരിമ്പ് കുടിശ്ശികയുടെ 97 ശതമാനവും കർഷകർക്ക് നൽകിയതായാണ് കണക്ക്. അടുത്ത സീസണിലേക്കുള്ള കരിമ്പിന്റെ ന്യായമായതും പ്രതിഫലദായകവുമായ വില ക്വിന്റലിന് 365 രൂപയായി കേന്ദ്ര സർക്കാർ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, എഥനോൾ നിർമാണത്തിനായി കരിമ്പിനെ മാത്രം ആശ്രയിക്കുന്ന രീതിയിൽ നിന്ന് മാറാനും സർക്കാർ ശ്രമിക്കുന്നുണ്ട്. ചോളം, അരി തുടങ്ങിയ ധാന്യങ്ങളിൽ നിന്നുള്ള എഥനോൾ ഉൽപാദനം വർധിപ്പിക്കുന്നതിലൂടെ ഇ20 ലക്ഷ്യം മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം പഞ്ചസാര ഉൽപാദനത്തിനായി കൂടുതൽ കരിമ്പ് ലഭ്യമാക്കാനും കഴിയും.
പൂഴ്ത്തിവെയ്പ്പ് തടയാൻ നടപടി
വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ നേരിട്ടുള്ള ഇടപെടലുകളും കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. വ്യാപാരികൾക്ക് കൈവശം വയ്ക്കാവുന്ന പഞ്ചസാരയുടെ അളവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ ഒന്ന് മുതൽ 15 ദിവസത്തെ ആവശ്യത്തിന് മതിയായ സ്റ്റോക്ക് മാത്രമേ വ്യാപാരികൾക്ക് സൂക്ഷിക്കാൻ അനുവാദമുള്ളൂ. പൂഴ്ത്തിവയ്പ്പ് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി 10 ലക്ഷം മെട്രിക് ടൺ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. മില്ലുകളിൽ നിന്നും വെയർഹൗസുകളിൽ നിന്നും പഞ്ചസാര അനധികൃതമായി സംഭരിക്കുന്നുണ്ടോ എന്നറിയാൻ കേന്ദ്ര–സംസ്ഥാന ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനകളും നടക്കുന്നു.
പുതിയ കരിമ്പ് സീസൺ നേരത്തെയാക്കും

പുതിയ കരിമ്പ് സീസൺ നേരത്തെയാക്കുന്നതും വിപണിയിലെ സമ്മർദം കുറയ്ക്കാനുള്ള മറ്റൊരു നീക്കമാണ്. ഒക്ടോബർ 15ന് തന്നെ പുതിയ സീസൺ ആരംഭിക്കാൻ മില്ലുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ ഒക്ടോബറിൽ തന്നെ പഞ്ചസാര ഉൽപാദനം 10 ലക്ഷം മെട്രിക് ടണ്ണിലധികമായി ഉയരുമെന്നാണ് പ്രതീക്ഷ.
അതേസമയം, അടുത്ത സീസണിൽ കരിമ്പിൽ നിന്നുള്ള എഥനോൾ ഉൽപാദനത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ചും കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കരിമ്പ് ജ്യൂസിൽ നിന്നും ബി-ഹെവി മൊളാസസിൽ നിന്നും നേരിട്ട് എഥനോൾ നിർമിക്കുന്നത് നിയന്ത്രിച്ച്, പഞ്ചസാര വേർതിരിച്ചെടുത്ത ശേഷം ലഭിക്കുന്ന സി-ഹെവി മൊളാസസിൽ നിന്നുള്ള എഥനോൾ ഉൽപാദനത്തിന് മുൻഗണന നൽകുന്നതാണ് പരിഗണനയിലുള്ളത്.
ആഭ്യന്തര വിപണിയിലേക്ക് 30 ലക്ഷം ടൺ
ഈ മാറ്റം നടപ്പാക്കിയാൽ ഏകദേശം 30 ലക്ഷം മെട്രിക് ടൺ അധിക പഞ്ചസാര ആഭ്യന്തര വിപണിയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം എഥനോൾ ഉൽപാദനത്തിലെ കുറവ് നികത്താൻ ധാന്യങ്ങളിൽ നിന്നുള്ള ഉൽപാദനം വർധിപ്പിക്കാനും സാധ്യതയുണ്ട്.
രാജ്യത്ത് വർഷംതോറും ആവശ്യമായ 280–290 ലക്ഷം മെട്രിക് ടൺ പഞ്ചസാരയേക്കാൾ കൂടുതലാണ് 2025–26 സീസണിൽ ലഭ്യമായ ഉൽപാദനം. അതിനാൽ രാജ്യത്ത് പഞ്ചസാരയുടെ പൂർണ ക്ഷാമമുണ്ടെന്ന സാഹചര്യമല്ല നിലവിലുള്ളത്. എന്നാൽ വിപണിയിലെ ലഭ്യതയിലെ താൽക്കാലിക സമ്മർദവും അന്താരാഷ്ട്ര വിലവർധനയും ആഭ്യന്തര ആവശ്യകതയിലെ വർധനയും ചേർന്നാണ് ചില്ലറ വിലയിൽ ഇത്ര വലിയ കുതിപ്പുണ്ടായത്.
അതിനാൽ പഞ്ചസാരയുടെ വില 80 രൂപയിലെത്തിയതിന്റെ ഉത്തരവാദിത്തം ഒരൊറ്റ നയത്തിലോ ഒരു വിഭാഗത്തിലോ ചുമത്തുന്നത് കാര്യങ്ങളെ ലളിതവത്കരിക്കലാകും. കരിമ്പിന്റെ വയലിൽ തുടങ്ങുന്ന പ്രശ്നം മില്ലുകളിലൂടെയും എഥനോൾ പ്ലാന്റുകളിലൂടെയും അന്താരാഷ്ട്ര വിപണിയിലൂടെയും സഞ്ചരിച്ചാണ് ഒടുവിൽ ഉപഭോക്താവിന്റെ അടുക്കളയിലെത്തുന്നത്. പുതിയ കരിമ്പ് സീസൺ ആരംഭിക്കുകയും വിപണിയിലെ ലഭ്യത ഉയരുകയും ചെയ്താൽ വിലയിൽ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതുവരെ, സാധാരണക്കാരന്റെ ചായക്കപ്പിലെ മധുരത്തിന് ഇത്തവണ കുറച്ചുകൂടി വില നൽകേണ്ടിവരുമെന്നതാണ് യാഥാർഥ്യം.
The sharp sugar price hike in India has pushed retail rates to ₹80 per kilogram. A sugarcane production decline and ethanol blending policies are driving the surge, prompting the government to enforce strict sugar stock limits and duty-free imports to stabilize supplies.

