• Home  
  • കൂറുമാറ്റ നിരോധന നിയമത്തിന് മരണമണി
- India - Opinion - Politics

കൂറുമാറ്റ നിരോധന നിയമത്തിന് മരണമണി

ജനാധിപത്യ പ്രക്രിയയിലെ പഴുതുകളിലൂടെ പ്രതിപക്ഷത്തെ തുടച്ചുനീക്കാനുള്ള ഭരണകക്ഷിയുടെ ശ്രമങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിത്തറയിളക്കുന്നു. അടുത്തിടെ തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന ഉദ്ധവ് വിഭാഗം എന്നിവയിൽ നിന്നുണ്ടായ കൂട്ടത്തോടെയുള്ള കൂറുമാറ്റങ്ങൾ കൂറുമാറ്റ നിരോധന നിയമം എന്ന വിഷയത്തിന്റെ പ്രസക്തി വീണ്ടും ഉയർത്തുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഭൂരിഭാഗം എംപിമാരും പേരുപോലും കേൾക്കാത്ത ഒരു ചെറിയ പാർട്ടിയിൽ ലയിച്ച വാർത്ത വിചിത്രവും ജനാധിപത്യവിരുദ്ധവുമാണ്, ഒപ്പം കൂറുമാറ്റ നിരോധന നിയമത്തിലെ പോരായ്മകൾ എടുത്തുകാണിക്കുന്നതുമാണ്. ‘ഒരു രാജ്യം, ഒരു നികുതി’, ‘ഒരു […]

കൂറുമാറ്റ നിരോധന നിയമം

ജനാധിപത്യ പ്രക്രിയയിലെ പഴുതുകളിലൂടെ പ്രതിപക്ഷത്തെ തുടച്ചുനീക്കാനുള്ള ഭരണകക്ഷിയുടെ ശ്രമങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിത്തറയിളക്കുന്നു. അടുത്തിടെ തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന ഉദ്ധവ് വിഭാഗം എന്നിവയിൽ നിന്നുണ്ടായ കൂട്ടത്തോടെയുള്ള കൂറുമാറ്റങ്ങൾ കൂറുമാറ്റ നിരോധന നിയമം എന്ന വിഷയത്തിന്റെ പ്രസക്തി വീണ്ടും ഉയർത്തുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഭൂരിഭാഗം എംപിമാരും പേരുപോലും കേൾക്കാത്ത ഒരു ചെറിയ പാർട്ടിയിൽ ലയിച്ച വാർത്ത വിചിത്രവും ജനാധിപത്യവിരുദ്ധവുമാണ്, ഒപ്പം കൂറുമാറ്റ നിരോധന നിയമത്തിലെ പോരായ്മകൾ എടുത്തുകാണിക്കുന്നതുമാണ്.

‘ഒരു രാജ്യം, ഒരു നികുതി’, ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’, ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’—ഈ മുദ്രാവാക്യങ്ങൾ മോഡി സർക്കാരിന് ഏറെ പ്രിയപ്പെട്ടതാണ്. ഇതിന്റെ ചുവടുപിടിച്ച് ‘ഒരു രാജ്യം, ഒരു പാർട്ടി’ എന്ന പുതിയൊരു ലക്ഷ്യത്തിലേക്കാണ് രാജ്യം ഇപ്പോൾ നീങ്ങുന്നത്. കൂറുമാറ്റ നിരോധന നിയമത്തിലെ (Anti-defection law) വിടവുകളിലൂടെയും ജനാധിപത്യ പ്രക്രിയയിലെ പഴുതുകളിലൂടെയും പ്രതിപക്ഷത്തെ തുടച്ചുനീക്കാനുള്ള ഭരണകക്ഷിയുടെ ശ്രമങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിത്തറയിളക്കുന്നു.

അടുത്തിടെ തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന ഉദ്ധവ് വിഭാഗം എന്നിവയിൽ നിന്നുണ്ടായ കൂട്ടത്തോടെയുള്ള കൂറുമാറ്റങ്ങൾ ഇക്കാര്യം അടിവരയിടുന്നതാണ്. തൃണമൂൽ കോൺഗ്രസിന്റെ ഭൂരിഭാഗം എംപിമാരും പേരുപോലും കേൾക്കാത്ത ഒരു ചെറിയ പാർട്ടിയിൽ ലയിച്ച വാർത്ത വിചിത്രവും ജനാധിപത്യവിരുദ്ധവുമാണ്. നിയമസഭയിലേയും പാർലമെന്റിലേയും മൂന്നിൽ രണ്ട് ജനപ്രതിനിധികളുടെ പിന്തുണയുണ്ടെങ്കിൽ ലയനം സാധ്യമാണെന്ന കൂറുമാറ്റ നിരോധന നിയമത്തിലെ ലൂപ്ഹോളാണ് ഇവർ ഇതിനായി കൂട്ടുപിടിക്കുന്നത്.

കൂറുമാറ്റ നിരോധന നിയമം: ചരിത്രം

1985ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്നത്. അക്കാലത്ത് സ്വന്തം പാർട്ടിയിലെ പ്രാദേശിക നേതാക്കളുടെ കൂറുമാറ്റം തടഞ്ഞ് പാർട്ടി അച്ചടക്കം നിലനിർത്താനാണ് കോൺഗ്രസ് കൂറുമാറ്റ നിരോധന നിയമത്തെ ഉപയോഗിച്ചതെങ്കിൽ, ഇന്ന് ബിജെപി ഈ നിയമത്തിന്റെ പഴുതുകളെ പ്രതിപക്ഷത്തെ തകർക്കാൻ ഉപയോഗിക്കുന്നു. മാധ്യമങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും വലിയ കോർപറേറ്റ് മൂലധനവും കൈപ്പിടിയിലൊതുക്കിയ ഇന്നത്തെ ഭരണകൂടത്തിന് മുന്നിൽ ജനപ്രതിനിധികൾക്ക് സ്വന്തം പാർട്ടി കൂറ് നിലനിർത്താൻ ഭയമാണ് എന്ന അവസ്ഥ സംജാതമായിരിക്കുന്നു.

കോടതി എവിടെ?

രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കു പോലും കൂറുമാറ്റ നിരോധന നിയമത്തിന്റെ തകർച്ചയ്ക്കെതിരെ കാര്യമായൊന്നും ചെയ്യാനാകുന്നില്ല എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. കർണാടകയിലും മഹാരാഷ്ട്രയിലും ഗോവയിലുമുണ്ടായ മുൻകാല കോടതി വിധികൾ ഒരുപരിധി വരെ ജനവിധി അട്ടിമറിക്കാൻ കൂറുമാറ്റക്കാർക്ക് പച്ചക്കൊടി കാട്ടുന്നതായിരുന്നു. യഥാർത്ഥ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ലയിക്കാതെ, ജനപ്രതിനിധികൾ മാത്രം മറ്റൊരു പാർട്ടിയിലേക്ക് മാറുന്നത് എങ്ങനെ നിയമപരമാകും എന്ന ചോദ്യത്തിന് കോടതികളിൽ നിന്ന് കൃത്യമായ ഉത്തരം ലഭിക്കുന്നതേയില്ല.

കൂറുമാറ്റ നിരോധന നിയമം ജനപ്രതിനിധികളുടെ സ്വതന്ത്ര തീരുമാനങ്ങളെ തടയുന്നു എന്ന വിമർശനം പണ്ടു മുതൽക്കേ നിലവിലുണ്ട്. എന്നാൽ ഇന്ന്, ഈ നിയമം കൂറുമാറ്റങ്ങളെ തടയുന്നതിനു പകരം അതിനെ ഒന്നിച്ച് വലിയൊരു ‘ബൾക്ക് ഗെയിം’ ആക്കി മാറ്റുകയാണ്. മമത ബാനർജിയുടെയോ ഉദ്ധവ് താക്കറെയുടെയോ പേരിൽ വോട്ട് നേടി ജയിച്ചവർ വ്യക്തിപരമായ നേട്ടങ്ങൾക്കോ പണത്തിനോ വേണ്ടി രാഷ്ട്രീയ സത്വം തന്നെ പണയംവെച്ച് കൂറുമാറുന്നത് ഈ ബൾക്ക് ​ഗെയിമിന്റെ ഭാ​ഗമായാണ്.

തിരഞ്ഞെടുപ്പ് വിശ്വാസ്യതയെ ബാധിക്കുന്നു

ഇത് ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ നേരിട്ടുതന്നെ ബാധിക്കുന്ന ഘടകമാണ്. രാഷ്ട്രീയക്കാരുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം സാധാരണക്കാരുടെ വോട്ടിന് എന്തു വില എന്ന ഉത്തരമില്ലാത്ത ചോദ്യത്തിൽ തട്ടി ചിതറുന്നു. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് കമ്മീഷനും കോടതികളും ഭരണകൂടത്തിന് മുന്നിൽ തലകുനിക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടയിൽ, ഇത്തരം കൂറുമാറ്റങ്ങൾ വോട്ടറുടെ പരമാധികാരത്തെ പരിഹസിക്കുന്നതിനു തുല്യമാണ്. ഈ പ്രവണത തുടർന്നാൽ, തിരഞ്ഞെടുപ്പിലൂടെ ഭരണം മാറ്റാൻ കഴിയില്ലെന്ന നിരാശ വളർത്തുന്നതിനൊപ്പം ജനാധിപത്യത്തോടുള്ള ജനങ്ങളുടെ താല്പര്യവും പൂർണ്ണമായും ഇല്ലാതാക്കും. ഈ സാഹചര്യത്തിൽ എന്താണ് കൂറുമാറ്റ നിരോധന നിയമം എന്നും, അത് വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

എന്താണ് കൂറുമാറ്റ നിരോധന നിയമം?

ഭരണഘടനാ ഭേദഗതിയിലൂടെ (52nd Amendment) 1985ൽ ഇന്ത്യൻ ഭരണഘടനയുടെ പത്താം പട്ടികയായാണ് (10th Schedule) കൂറുമാറ്റ നിരോധന നിയമം ഉൾപ്പെടുത്തിയത്. രാഷ്ട്രീയ ലാഭങ്ങൾക്കും പദവികൾക്കും വേണ്ടി ജനപ്രതിനിധികൾ ഒരു പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് കൂടുമാറുന്ന ‘ആയാ റാം ഗയാ റാം’ രാഷ്ട്രീയ സംസ്കാരത്തിന് അറുതി വരുത്തുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.

ഈ നിയമപ്രകാരം സ്വന്തം ഇഷ്ടപ്രകാരം രാഷ്ട്രീയ പാർട്ടിയിലെ അംഗത്വം രാജിവെക്കുക, സഭയിൽ സ്വന്തം പാർട്ടി നൽകുന്ന വിപ്പ് (Whip) ലംഘിച്ച് വോട്ട് ചെയ്യുകയോ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്യുക, സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ശേഷം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുക എന്നിങ്ങനെ മൂന്ന് സാഹചര്യങ്ങളിലാണ് ഒരു ജനപ്രതിനിധിക്ക് അയോഗ്യത കൽപ്പിക്കപ്പെടുന്നത്. കൂടാതെ നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങൾ ആറ് മാസത്തിന് ശേഷം ഏതെങ്കിലും പാർട്ടിയിൽ ചേർന്നാലും അയോഗ്യരാക്കപ്പെടും. സഭയിലെ സ്പീക്കർക്കോ ചെയർമാനോ ആണ് ഈ നിയമപ്രകാരം അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം.

കൂറുമാറ്റ നിരോധന നിയമത്തിന്റെ ഗുണങ്ങൾ

ഇത്തരം ചില പാളിച്ചകൾ ഉണ്ടെങ്കിലും ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ നിലനിർത്തുന്നതിൽ ഈ നിയമം ചില പ്രധാന പങ്കുവഹിക്കുന്നുണ്ട്. രാഷ്ട്രീയ സ്ഥിരത നിലനിർത്തുന്നു എന്നതാണ് അതിൽ പ്രധാനം. അടിക്കടിയുള്ള കൂറുമാറ്റങ്ങൾ കാരണം സർക്കാരുകൾ വീണുപോകുന്ന സാഹചര്യം ഇത് വലിയൊരു പരിധി വരെ തടയുന്നു. ഇത് ഭരണസ്ഥിരത ഉറപ്പാക്കുന്നു.

വോട്ടർമാരോടുള്ള വിശ്വസ്തതയാണ് മറ്റൊരു പ്രധാന ​ഗുണം. ഒരു പ്രത്യേക പാർട്ടിയുടെ ചിഹ്നത്തിലും പ്രത്യയശാസ്ത്രത്തിലും വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങളോട് നീതി പുലർത്താൻ ഈ നിയമം ജനപ്രതിനിധികളെ നിർബന്ധിതരാക്കുന്നു. ഇതിനുപുറമേ പാർട്ടി ലീഡർഷിപ്പിന്റെ തീരുമാനങ്ങളേയും വിപ്പുകളേയും മാനിക്കാൻ അംഗങ്ങൾ ബാധ്യസ്ഥരാകുന്നതിലൂടെ രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ അച്ചടക്കം ഉറപ്പാക്കാനും സാധിക്കുന്നു. അഴിമതി നിയന്ത്രണവും ഈ നിയമത്തിന്റെ ​ഗുണമാണ്. മന്ത്രിസ്ഥാനമോ വൻ തുകയോ കൈക്കൂലിയായി വാങ്ങി പാർട്ടി മാറുന്ന കുതിരക്കച്ചവട രാഷ്ട്രീയത്തിന് നിയമപരമായ തടസ്സങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കുന്നു.

മറ്റ് രാജ്യങ്ങളിൽ

ഇന്ത്യയിൽ മാത്രമല്ല, ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ ലോകത്തിലെ മറ്റ് പല രാജ്യങ്ങളും സമാനമായ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
ബംഗ്ലാദേശ് ഭരണഘടനയുടെ ആർട്ടിക്കിൾ 70 പ്രകാരം, സ്വന്തം പാർട്ടിക്ക് എതിരെ വോട്ട് ചെയ്യുകയോ പാർട്ടി അംഗത്വം രാജിവെക്കുകയോ ചെയ്യുന്ന ജനപ്രതിനിധിയുടെ പാർലമെന്റ് സീറ്റ് നഷ്ടമാകും.പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 63A പ്രകാരം പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്, ബജറ്റ്, ഭരണഘടനാ ഭേദഗതി എന്നിവയിൽ പാർട്ടിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി വോട്ട് ചെയ്യുന്ന അംഗങ്ങളെ അയോഗ്യരാക്കാൻ വ്യവസ്ഥയുണ്ട്.

ശ്രീലങ്കയിലും പാർട്ടി മാറുന്ന അംഗങ്ങളെ പാർലമെന്റിൽ നിന്ന് പുറത്താക്കാൻ നിയമമുണ്ട്. എന്നാൽ ഇതിനെതിരെ കോടതിയെ സമീപിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ട്. ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ ‘ഫ്ലോർ ക്രോസിങ്’ (Floor crossing) തടയുന്നതിനുള്ള കർശനമായ നിയമങ്ങൾ നിലവിലുണ്ട്. ജനപ്രതിനിധികൾ പാർട്ടി വിട്ടാൽ അവർക്ക് സഭയിലെ അംഗത്വവും നഷ്ടമാകും.

എന്നാൽ യുകെ (UK), യുഎസ്എ (USA), കാനഡ തുടങ്ങിയ വികസിത ജനാധിപത്യ രാജ്യങ്ങളിൽ ഇത്തരം കൂറുമാറ്റ നിരോധന നിയമങ്ങൾ ഇല്ല എന്നത് ശ്രദ്ധേയമാണ്. അവിടെ ജനപ്രതിനിധികൾക്ക് സ്വന്തം പാർട്ടിയുടെ നിലപാടുകൾക്ക് വിരുദ്ധമായി വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. പാർട്ടി വിപ്പ് ലംഘിച്ചാൽ പാർട്ടിയിൽ നിന്ന് പുറത്താക്കാമെങ്കിലും അവരുടെ ജനപ്രതിനിധി സ്ഥാനം നഷ്ടമാകില്ല.

ഇന്ത്യയിൽ ഇന്നത്തെ സാഹചര്യത്തിൽ ഈ നിയമം അട്ടിമറിക്കപ്പെടുമ്പോൾ, ജനാധിപത്യം സംരക്ഷിക്കാൻ കേവലം ലൂപ്ഹോളുകൾ അടയ്ക്കുക മാത്രമല്ല, മറിച്ച് വോട്ടർമാരുടെ വികാരത്തെ മാനിക്കുന്ന രാഷ്ട്രീയ ധാർമ്മികത തിരിച്ചുപിടിക്കുക കൂടി ചെയ്യേണ്ടതുണ്ട്.

Leave a comment

Your email address will not be published. Required fields are marked *

About Us

Welcome to IndiaWord, your trusted destination for the latest news, breaking stories, and insightful coverage from India and around the world.

Email Us : indiawordnews@gmail.com

Categories

Indiaword © . All Rights Reserved.