• Home  
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ: റെക്കോർഡ് കുതിപ്പ്
- India - Trending

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ: റെക്കോർഡ് കുതിപ്പ്

പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള വൻ ചുവടുവെപ്പായാണ് പദ്ധതിയെ വിലയിരുത്തുന്നത്. ഈ സർവീസിലൂടെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ട്രെയിൻ ഉപയോഗിക്കുന്ന ലോകത്തിലെ തിരഞ്ഞെടുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഔദ്യോഗികമായി ഇടംപിടിച്ചു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്ന പരമ്പരാഗത ട്രെയിൻ സംവിധാനങ്ങളിൽ നിന്ന് പരിസ്ഥിതിക്ക് ഏറ്റവും കുറഞ്ഞ ആഘാതം സൃഷ്ടിക്കുന്ന ഗ്രീൻ മൊബിലിറ്റി സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് റെയിൽവേ ഈ പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ […]

ഹൈഡ്രജൻ ട്രെയിൻ

പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള വൻ ചുവടുവെപ്പായാണ് പദ്ധതിയെ വിലയിരുത്തുന്നത്. ഈ സർവീസിലൂടെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ട്രെയിൻ ഉപയോഗിക്കുന്ന ലോകത്തിലെ തിരഞ്ഞെടുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഔദ്യോഗികമായി ഇടംപിടിച്ചു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്ന പരമ്പരാഗത ട്രെയിൻ സംവിധാനങ്ങളിൽ നിന്ന് പരിസ്ഥിതിക്ക് ഏറ്റവും കുറഞ്ഞ ആഘാതം സൃഷ്ടിക്കുന്ന ഗ്രീൻ മൊബിലിറ്റി സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് റെയിൽവേ ഈ പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ തുടക്കം കുറിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്നിരിക്കുകയാണ്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള രാജ്യത്തിന്റെ വലിയ ചുവടുവെപ്പായാണ് ഈ പദ്ധതിയെ വിലയിരുത്തുന്നത്. ഈ സർവീസിലൂടെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ട്രെയിൻ ഉപയോഗിക്കുന്ന ലോകത്തിലെ തിരഞ്ഞെടുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഔദ്യോഗികമായി ഇടംപിടിച്ചു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്ന പരമ്പരാഗത ട്രെയിൻ സംവിധാനങ്ങളിൽ നിന്ന് പരിസ്ഥിതിക്ക് ഏറ്റവും കുറഞ്ഞ ആഘാതം സൃഷ്ടിക്കുന്ന ഗ്രീൻ മൊബിലിറ്റി സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് റെയിൽവേ ഈ പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യൻ റെയിൽവേയുടെ ചരിത്രം പറയുമ്പോൾ മുംബൈ-താനെ ആദ്യ ട്രെയിൻ സർവീസിനെ ഓർക്കുന്നതുപോലെ, ഭാവിയിൽ ജിന്ദ് ഈ പുതിയ സർവീസിന്റെ പേരിൽ എന്നും ഓർമിക്കപ്പെടും എന്നാണ് ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിന്റെയും പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതയുടെയും പ്രതീകമാണ് ഈ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ: പ്രാധാന്യം

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഒരു പുതിയ ട്രെയിൻ സർവീസ് മാത്രമല്ല, റെയിൽവേയുടെ ഭാവി സാങ്കേതികവിദ്യയുടെ തുടക്കമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. നിലവിൽ ലോകത്ത് ഹൈഡ്രജൻ ട്രെയിനുകൾ പ്രവർത്തിപ്പിക്കുകയോ പരീക്ഷിക്കുകയോ ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം വളരെ കുറവാണ്. ജർമനി, ജപ്പാൻ, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങൾ മാത്രമാണ് ഈ രംഗത്ത് മുന്നിലുള്ളത്. ഇപ്പോൾ ആ പട്ടികയിലേക്ക് ഇന്ത്യയും ചേർന്നിരിക്കുകയാണ്.

കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടെ റെയിൽവേ ബ്രോഡ് ഗേജ് ശൃംഖലയുടെ 99 ശതമാനത്തിലധികം വൈദ്യുതീകരണം പൂർത്തിയാക്കി ഡീസലിനോടുള്ള ആശ്രയം ഗണ്യമായി കുറച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് വൈദ്യുതി ലൈനുകളിൽ നിന്ന് വൈദ്യുതി സ്വീകരിക്കുന്ന പരമ്പരാഗത ഇലക്ട്രിക് ട്രെയിനുകൾക്ക് പകരം സ്വന്തം വൈദ്യുതി സ്വയം ഉൽപാദിപ്പിക്കുന്ന ഹൈഡ്രജൻ സെൽ ട്രെയിൻ അവതരിപ്പിച്ചിരിക്കുന്നത്. ഇത്റെയിൽവേയുടെ ഹരിത ഊർജ നയത്തിലെ സുപ്രധാന നാഴികക്കല്ലായാണ് കണക്കാക്കപ്പെടുന്നത്.

പൈലറ്റ് റൂട്ട്, ഭാവിയിൽ പൈതൃക റൂട്ടും

ഹരിയാനയിലെ ജിന്ദ്–സോനിപത് റൂട്ടിലാണ് ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുക. റെയിൽവേയുടെ പൈലറ്റ് പദ്ധതിയായാണ് ഈ റൂട്ട് തിരഞ്ഞെടുക്കപ്പെട്ടത്. ഭാവിയിൽ വൈദ്യുതീകരണം സാമ്പത്തികമായി പ്രായോഗികമല്ലാത്ത പൈതൃക റൂട്ടുകളിലും വിദൂര പ്രദേശങ്ങളിലുമുള്ള റെയിൽപാതകളിലും ഇവ ഉപയോഗിക്കാനാകുമോ എന്നത് വിലയിരുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ജിന്ദിൽ നിന്ന് എല്ലാ ദിവസവും രാവിലെ 7.40-ന് പുറപ്പെടുന്ന ട്രെയിൻ ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ സോനിപതിലെത്തും. മടക്കയാത്രയിൽ രാവിലെ 10.40-ന് സോനിപതിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.00 മണിയോടെ ജിന്ദിൽ തിരിച്ചെത്തും. ഈ യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂറും ഇരുപത് മിനിറ്റും വേണ്ടിവരും.

ജിന്ദിനും സോനിപതിനുമിടയിൽ സർവീസ് നടത്തുന്ന ട്രെയിൻ ജിന്ദ് സിറ്റി, പാണ്ഡു പിന്ദാര, ലളിത് ഖേര, ഭാംബേവ, ഈശാപുർ ഖേരി, ബുട്ടാന, ഖണ്ഡ്രായ്, ഗോഹാന, റബ്ര, ലാഥ്, മോഹന ഹരിയാന, ബർവാസ്നി എന്നീ സ്റ്റേഷനുകളിൽ നിർത്തും. ഈ സർവീസ് നോർത്തേൺ റെയിൽവേയുടെ കീഴിലായിരിക്കും പ്രവർത്തിക്കുക. ട്രെയിനിന്റെ പ്രധാന അറ്റകുറ്റപ്പണികളും പരിപാലനവും ജിന്ദ് റെയിൽവേ ഡിപ്പോയിലായിരിക്കും നടത്തുക.

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈഡ്രജൻ ട്രെയിൻ

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ മറ്റൊരു പ്രത്യേക നേട്ടവും സ്വന്തമാക്കുന്നുണ്ട്. നിലവിൽ ജർമ്മനി, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ സർവീസ് നടത്തുന്ന മിക്ക ഹൈഡ്രജൻ ട്രെയിനുകളിലും രണ്ടോ മൂന്നോ കോച്ചുകൾ മാത്രമാണുള്ളത്. എന്നാൽ റെയിൽവേ അവതരിപ്പിച്ച ട്രെയിനിൽ 10 കോച്ചുകളാണുള്ളത്. ഇതോടെ ലോകത്ത് ഇതുവരെയുള്ളതിൽ സർവീസ് നടത്തുന്ന ഏറ്റവും നീളം കൂടിയ ഹൈഡ്രജൻ ഫ്യൂവൽ സെൽ ട്രെയിൻ എന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി.

ഈ ട്രെയിനിന് ഒരേസമയം 2,600 യാത്രക്കാരെ വരെ കൊണ്ടുപോകാൻ കഴിയും. 3,200 ഹോഴ്സ് പവർ ശേഷിയുള്ള പ്രൊപ്പൽഷൻ സംവിധാനമാണ് ട്രെയിനിന്റെ മറ്റൊരു പ്രത്യേകത. നിലവിൽ സർവീസിലുള്ള ഹൈഡ്രജൻ ട്രെയിനുകളിൽ ഏറ്റവും ശക്തിയേറിയ ട്രെയിൻസെറ്റുകളിൽ ഒന്നാണിതെന്ന് റെയിൽവേ അവകാശപ്പെടുന്നു.

വേഗതയിലും ശേഷിയിലും മുന്നിൽ

മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാണ് ഈ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ജിന്ദ്–സോനിപത് റൂട്ടിലെ നിലവിലെ ട്രാക്ക് സാഹചര്യങ്ങൾ പരിഗണിച്ച് പരമാവധി 75 കിലോമീറ്റർ വേഗതയിലാണ് സർവീസ് നടത്തുക. യാത്രക്കാരുടെ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നതിനായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ ട്രെയിൻ പൂർണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്തതാണ് എന്നതും ശ്രദ്ധേയമാണ്. അതായത്, ഇന്ത്യൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ആദ്യ ഹൈഡ്രജൻ സെൽ ട്രെയിൻ എന്ന ബഹുമതിയും ഇതിന് ലഭിക്കുന്നു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ മറ്റൊരു ശ്രദ്ധേയ വിജയമായും ഈ സംരംഭത്തെ കേന്ദ്ര സർക്കാർ വിശേഷിപ്പിക്കുന്നു.

ഹരിതഭാവിയിലേക്കുള്ള ചുവടുവെപ്പ്

കാലാവസ്ഥാ വ്യതിയാനവും കാർബൺ പുറന്തള്ളലും ലോകത്തെ പ്രധാന ആശങ്കകളായി മാറിയ സാഹചര്യത്തിൽ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പോലുള്ള പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾക്കാണ് ലോകം കൂടുതൽ പ്രാധാന്യം നൽകുന്നത്. ഡീസൽ ലോക്കോമോട്ടീവുകൾക്ക് പകരമായി ഹൈഡ്രജൻ സെൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ട്രെയിനുകൾ വ്യാപകമാകുന്നതിലൂടെ കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വിജയകരമാകുകയാണെങ്കിൽ, ഭാവിയിൽ രാജ്യത്തെ നിരവധി റൂട്ടുകളിലേക്ക് ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്. അതോടെ ഗ്രീൻ മൊബിലിറ്റി, ഹരിത ഊർജ്ജം, സുസ്ഥിര ഗതാഗതം എന്നീ മേഖലകളിൽ ഇന്ത്യ കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കുമെന്നാണ് പ്രതീക്ഷ.

പ്രവർത്തനം

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സംബന്ധിച്ച് ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യമാണ് ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നത്. സാധാരണ ഡീസൽ എൻജിനുകളെയോ വൈദ്യുത ട്രെയിനുകളെയോ പോലെയല്ല ഈ ട്രെയിനിന്റെ പ്രവർത്തനം. അത്യാധുനിക ഹൈഡ്രജൻ സെൽ സാങ്കേതികവിദ്യയാണ് ഇതിന്റെ ഹൃദയം. ട്രെയിനിൽ തന്നെ സംഭരിച്ചിരിക്കുന്ന ഹൈഡ്രജൻ ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുകയും അതുപയോഗിച്ച് ട്രെയിൻ മുന്നോട്ടു സഞ്ചരിക്കുകയും ചെയ്യുന്ന രീതിയാണിത്. അതിനാൽ ഓവർഹെഡ് വൈദ്യുത ലൈനുകളിൽ നിന്നോ ഡീസൽ എൻജിനുകളിൽ നിന്നോ ഊർജം സ്വീകരിക്കേണ്ട ആവശ്യമില്ല.

റെയിൽവേയുടെ ഈ ഹൈഡ്രജൻ അധിഷ്ഠിത സാങ്കേതികവിദ്യയെ ലോകത്തിലെ ഏറ്റവും ശുദ്ധമായ ഗതാഗത സാങ്കേതികവിദ്യകളിലൊന്നായാണ് വിലയിരുത്തുന്നത്. കാരണം ഈ ട്രെയിനിൽ ഇന്ധനം കത്തിക്കുന്ന പ്രക്രിയയില്ല. ഹൈഡ്രജനും വായുവിൽ നിന്നുള്ള ഓക്സിജനും തമ്മിൽ നടക്കുന്ന രാസപ്രവർത്തനത്തിലൂടെയാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഈ പ്രക്രിയയിൽ കാർബൺ ഡൈ ഓക്സൈഡ്, പുക, വിഷവാതകങ്ങൾ തുടങ്ങിയവ പുറത്തുവരുന്നില്ല. പകരം ജലബാഷ്പവും ചെറിയ അളവിലുള്ള താപവും മാത്രമാണ് ഉപോൽപന്നമായി പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ പുതിയ ട്രെയിൻ പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

PEM ഫ്യൂവൽ സെൽ സാങ്കേതികവിദ്യ

പ്രോട്ടോൺ എക്സ്ചേഞ്ച് മെംബ്രെയ്ൻ (PEM) ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രവർത്തിക്കുന്നത്. ലോകമെമ്പാടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഹൈഡ്രജൻ വാഹനങ്ങളിലും ട്രെയിനുകളിലും വ്യാപകമായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണിത്.

ട്രെയിനിന്റെ പവർ കാറുകളിൽ സ്ഥാപിച്ചിരിക്കുന്ന ഹൈഡ്രജൻ സിലിണ്ടറുകളിൽ ഉയർന്ന മർദ്ദത്തിൽ ഹൈഡ്രജൻ സംഭരിച്ചിരിക്കും. ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ ഈ ഹൈഡ്രജൻ സെല്ലിലേക്ക് എത്തുകയും അവിടെ അന്തരീക്ഷത്തിൽ നിന്നുള്ള ഓക്സിജനുമായി രാസപ്രവർത്തനം നടത്തുകയും ചെയ്യും. ഈ ഇലക്ട്രോകെമിക്കൽ പ്രക്രിയയിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു. ഉൽപാദിപ്പിക്കുന്ന വൈദ്യുതി ട്രാക്ഷൻ മോട്ടോറുകളിലേക്ക് എത്തുകയും അവ ട്രെയിനിന്റെ ചക്രങ്ങളെ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.

ഡീസൽ എൻജിനുകളിൽ ഇന്ധനം കത്തിച്ചാണ് ഊർജം ഉൽപാദിപ്പിക്കുന്നത്. എന്നാൽ ഹൈഡ്രജൻ സെൽ ട്രെയിനിൽ ഇന്ധനം കത്തിക്കുന്നില്ല. അതിനാൽ ശബ്ദമലിനീകരണം കുറവായിരിക്കും. വായു മലിനീകരണവും ഗണ്യമായി കുറയും. അതുകൊണ്ടുതന്നെ ഭാവിയിൽ നഗരപ്രദേശങ്ങളിലും പരിസ്ഥിതി സംരക്ഷിത മേഖലകളിലും ഈ സാങ്കേതികവിദ്യയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

രണ്ട് പവർ കാറുകളും എട്ട് കോച്ചുകളും

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ആകെ പത്ത് കോച്ചുകളുള്ള ട്രെയിൻസെറ്റാണ്. ഇതിൽ രണ്ട് കോച്ചുകൾ പവർ കാറുകളാണ്. ശേഷിക്കുന്ന എട്ട് കോച്ചുകൾ യാത്രക്കാർക്കായുള്ള ട്രെയിലർ കോച്ചുകളാണ്.

ഓരോ പവർ കാറിലും ഹൈഡ്രജൻ സെല്ലുകൾ, ഹൈഡ്രജൻ സംഭരണ സിലിണ്ടറുകൾ, ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററികൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ഫ്യൂവൽ സെൽ വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ ബാറ്ററികൾ അധിക ഊർജം സംഭരിക്കുകയും ആവശ്യമായ സമയത്ത് മോട്ടോറുകൾക്ക് വിതരണം ചെയ്യുകയും ചെയ്യും. ഈ സംവിധാനം ട്രെയിനിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും ഊർജനഷ്ടം കുറയ്ക്കുകയും ചെയ്യുന്നു.

ഹൈഡ്രജൻ സംഭരണവും റീഫ്യൂവലിങ് കേന്ദ്രവും

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രവർത്തിപ്പിക്കുന്നതിനായി ഹരിയാനയിലെ ജിന്ദിൽ പ്രത്യേക ഹൈഡ്രജൻ സംഭരണ-റീഫ്യൂവലിങ് കേന്ദ്രം റെയിൽവേ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ വികസിപ്പിച്ച ഈ സൗകര്യമാണ് ട്രെയിനിന്റെ പ്രധാന സാങ്കേതിക അടിത്തറ.

ട്രെയിനിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻ സുരക്ഷിതമായി ഉയർന്ന മർദ്ദത്തിൽ സംഭരിക്കാനുള്ള സംവിധാനവും ട്രെയിനിലേക്ക് വേഗത്തിൽ ഇന്ധനം നിറയ്ക്കുന്നതിനുള്ള റീഫ്യൂവലിങ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹൈഡ്രജൻ കംപ്രഷൻ യൂണിറ്റുകൾ, പൈപ്പ് ശൃംഖലകൾ, സംഭരണ ടാങ്കുകൾ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയെല്ലാം ഈ കേന്ദ്രത്തിന്റെ ഭാഗമാണ്.

ഈ സംവിധാനത്തിന് ആവശ്യമായ ലൈസൻസ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) നൽകിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച ശേഷമാണ് ഈ അനുമതി ലഭിച്ചതെന്ന് റെയിൽവേ വ്യക്തമാക്കുന്നു.

സുരക്ഷയ്ക്ക് അത്യാധുനിക സംവിധാനങ്ങൾ

ഹൈഡ്രജൻ അതിവേഗം കത്തുന്ന വാതകമായതിനാൽ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ജിന്ദിലെ ഹൈഡ്രജൻ സംഭരണ കേന്ദ്രത്തിലും ട്രെയിനിലും നിരവധി സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഹൈഡ്രജൻ ചോർച്ച കണ്ടെത്തുന്ന Hydrogen Leak Detectors, തീപിടിത്തം തിരിച്ചറിയുന്ന Flame Detectors, ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം, അടിയന്തര നിയന്ത്രണ സംവിധാനം എന്നിവ ട്രെയിനിലും റീഫ്യൂവലിങ് കേന്ദ്രത്തിലും സ്ഥാപിച്ചിട്ടുണ്ട്. ഉപകരണങ്ങൾ പതിവായി പരിശോധനയ്ക്കും ശുചീകരണത്തിനും വിധേയമാക്കുമെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. പൊടി അടിഞ്ഞുകൂടുന്നതുമൂലമുള്ള അപകടസാധ്യത ഒഴിവാക്കുന്നതിനും പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഊർജ കാര്യക്ഷമതയിലും മുന്നിൽ

ഇവ പരിസ്ഥിതി സൗഹൃദമാണെന്നത് മാത്രമല്ല, ഊർജ കാര്യക്ഷമതയിലും മുന്നിലാണ്. ഡീസൽ എൻജിനുകൾ പ്രവർത്തിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ, സൂക്ഷ്മ കണികകൾ തുടങ്ങിയ മലിനീകരണ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. എന്നാൽ ഹൈഡ്രജൻ ഫ്യൂവൽ സെൽ ട്രെയിനിൽ ജലബാഷ്പം മാത്രമാണ് പ്രധാന ഉപോൽപന്നമായി പുറത്തുവരുന്നത്.

ഓവർഹെഡ് വൈദ്യുത ലൈനുകൾ സ്ഥാപിക്കുന്നത് സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിദൂര പ്രദേശങ്ങളിലും മലനിരകളിലുമുള്ള റൂട്ടുകളിലും ഹൈഡ്രജൻ ട്രെയിൻ മികച്ച പരിഹാരമാകുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. സ്വന്തം വൈദ്യുതി സ്വയം ഉൽപാദിപ്പിക്കുന്നതിനാൽ പ്രത്യേക വൈദ്യുത അടിസ്ഥാനസൗകര്യങ്ങളുടെ ആവശ്യം കുറയുകയും ചെയ്യും.

ആ​ഗോള മാതൃക

ഹൈഡ്രജൻ സാങ്കേതികവിദ്യ ഇപ്പോഴും ലോകത്ത് പ്രാരംഭഘട്ടത്തിലാണ്. നിലവിൽ ജർമനി, ജപ്പാൻ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് വാണിജ്യാടിസ്ഥാനത്തിലോ പരീക്ഷണാടിസ്ഥാനത്തിലോ ഹൈഡ്രജൻ ട്രെയിനുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇവയിൽ ഭൂരിഭാഗവും രണ്ടോ മൂന്നോ കോച്ചുകളുള്ള ചെറിയ ട്രെയിൻസെറ്റുകളാണ്. ജർമ്മനിയാണ് ലോകത്ത് ആദ്യമായി ഹൈഡ്രജൻ സെൽ ട്രെയിൻ സ്ഥിരമായി സർവീസ് നടത്തിയ രാജ്യം. തുടർന്ന് ജപ്പാനും ചൈനയും ഈ മേഖലയിലെ ഗവേഷണങ്ങൾ വേഗത്തിലാക്കി. അമേരിക്കയിലും വിവിധ സംസ്ഥാനങ്ങളിൽ ഹൈഡ്രജൻ റെയിൽ പദ്ധതികൾ പരീക്ഷണ ഘട്ടത്തിലാണ്.

ഇന്ത്യയുടെ പ്രത്യേകത, ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും നീളം കൂടിയ 10 കോച്ചുകളുള്ള ട്രെയിൻ വികസിപ്പിച്ചുവെന്നതാണ്. നിലവിൽ വിദേശ രാജ്യങ്ങളിലെ ഹൈഡ്രജൻ ട്രെയിനുകളിൽ രണ്ടോ മൂന്നോ കോച്ചുകൾ മാത്രമാണുള്ളത്. എന്നാൽ റെയിൽവേ വികസിപ്പിച്ച ട്രെയിനിൽ 2,600 യാത്രക്കാരെ ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്ന ശേഷിയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യയുടെ കാര്യത്തിൽ മാത്രമല്ല, ശേഷിയുടെയും രൂപകൽപ്പനയുടെയും കാര്യത്തിലും ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്.

ഇന്ത്യ അവതരിപ്പിച്ച 10 കോച്ചുകളുള്ള ട്രെയിൻ ഈ രാജ്യങ്ങളിലെ ട്രെയിനുകളേക്കാൾ വലുതും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതുമാണ്. ഇതോടെ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈഡ്രജൻ ഫ്യൂവൽ സെൽ ട്രെയിൻ എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇത് ഇന്ത്യൻ റെയിൽവേയുടെ സാങ്കേതിക ശേഷിയുടേയും ‘മെയ്ക്ക് ഇൻ ഇന്ത്യ‘ പദ്ധതിയുടേയും സുപ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

ഗ്രീൻ മൊബിലിറ്റി ലക്ഷ്യത്തിലേക്ക്

കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുക, ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് റെയിൽവേ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഈ പൈലറ്റ് പദ്ധതി വിജയകരമാകുകയാണെങ്കിൽ രാജ്യത്തെ കൂടുതൽ റെയിൽപാതകളിലേക്ക് ഹൈഡ്രജൻ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് പദ്ധതി.

ഭാവിയിൽ ഇന്ത്യയുടെ ഗ്രീൻ മൊബിലിറ്റി, ഹരിത ഊർജം, സുസ്ഥിര ഗതാഗതം എന്നീ മേഖലകളിൽ ഈ സംരംഭം നിർണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ. പരിസ്ഥിതി സംരക്ഷണവും അത്യാധുനിക സാങ്കേതികവിദ്യയും ഒരുമിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ ഈ സംരംഭം ലോകശ്രദ്ധ നേടുമെന്ന വിലയിരുത്തലും ശക്തമാണ്.

റെയിൽവേ ഇതിനകം തന്നെ ബ്രോഡ് ഗേജ് ശൃംഖലയുടെ 99 ശതമാനത്തിലധികം വൈദ്യുതീകരിച്ചുകഴിഞ്ഞു. ശേഷിക്കുന്ന പ്രത്യേക റൂട്ടുകളിൽ ഡീസൽ എൻജിനുകൾക്ക് പകരം ഹൈഡ്രജൻ ഫ്യൂവൽ സെൽ ട്രെയിനുകൾ ഉപയോഗിക്കുന്നതിലൂടെ ഡീസൽ ഇറക്കുമതി കുറയ്ക്കാനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ ഇന്ത്യയുടെ നെറ്റ് സീറോ കാർബൺ ലക്ഷ്യത്തിനും ശക്തമായ പിന്തുണ ലഭിക്കും.

വെല്ലുവിളികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

എന്നാൽ ഈ സാങ്കേതികവിദ്യയ്ക്ക് ചില വെല്ലുവിളികളും നിലവിലുണ്ട്. ഹൈഡ്രജൻ ഉൽപാദനം, സംഭരണം, ഗതാഗതം എന്നിവയ്ക്ക് ഉയർന്ന നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണ്. ഹൈഡ്രജൻ സംഭരണ കേന്ദ്രങ്ങളും റീഫ്യൂവലിങ് സ്റ്റേഷനുകളും രാജ്യത്തുടനീളം സ്ഥാപിക്കുന്നതിന് വലിയ നിക്ഷേപം വേണ്ടിവരും.

അതുപോലെ തന്നെ ഹൈഡ്രജൻ ഉൽപാദനം കൂടുതൽ ചെലവേറിയതാണ്. പുനരുപയോഗ ഊർജത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജൻ വ്യാപകമായി ലഭ്യമാകുമ്പോഴാണ് ഈ സാങ്കേതികവിദ്യ കൂടുതൽ സാമ്പത്തികമായി പ്രായോഗികമാകുക. അതിനാൽ അടിസ്ഥാന സൗകര്യ വികസനവും സാങ്കേതിക പുരോഗതിയും ഒരുപോലെ മുന്നോട്ടുപോയില്ലെങ്കിൽ ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ അവസാനത്തേതുമാകും.

Leave a comment

Your email address will not be published. Required fields are marked *

About Us

Welcome to IndiaWord, your trusted destination for the latest news, breaking stories, and insightful coverage from India and around the world.

Email Us : indiawordnews@gmail.com
Indiaword © . All Rights Reserved.